ധാക്ക: ഇന്ത്യാവിരുദ്ധ നിലപാടെടുത്ത യുവനേതാവ് ഉസ്മാൻ ഷെരീഫ് ഹാദിയുടെ കൊലപാതകത്തിൽ പ്രധാന പങ്കുള്ള രണ്ടുപേർ മേഘാലയ അതിർത്തി വഴി ഇന്ത്യയിലേക്ക് കടന്നുവെന്ന ബംഗ്ളാദേശിന്റെ അവകാശവാദം തള്ളി ബിഎസ്എഫും മേഘാലയ പോലീസും.
കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഫൈസൽ കരീം മസൂദ്, ആലംഗീർ ഷെയ്ഖ് എന്നിവർ പ്രാദേശിക സഹായത്തോടെ ഇന്ത്യയിലേക്ക് കടന്നതായി അഡീ.കമ്മീഷണർ എസ്എൻ നസ്രുൽ ഇസ്ലാം ആണ് മാദ്ധ്യമങ്ങളോട് പറഞ്ഞത്. മൈമെൻസിങ്ങിലെ ഹലുവാഘട്ട് അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് കടന്നെന്നാണ് വിവരമെന്നും അദ്ദേഹം പറഞ്ഞു.
അതിർത്തി കടന്ന ഇവരെ പുർതി എന്നുപേരുള്ള ആൾ സ്വീകരിച്ചു. പിന്നാലെ സമി എന്ന ടാക്സി ഡ്രൈവർ ഇവരെ മേഘാലയയിലെ ടുറാ സിറ്റിയിലേക്ക് കൊണ്ടുപോയി. ഇരുവരെയും സഹായിച്ചവരെ ഇന്ത്യൻ അധികൃതർ കസ്റ്റഡിയിൽ എടുത്തുവെന്നുമാണ് അനൗദ്യോഗിക വിവരമെന്നും അദ്ദേഹം പറഞ്ഞു. ഇരുവരെയും അറസ്റ്റ് ചെയ്യാനും കൈമാറാനും ഇന്ത്യയുമായി ചർച്ചകൾ നടക്കുകയാണെന്നും ബംഗ്ളാദേശ് അധികൃതർ പറഞ്ഞു.
അതേസമയം, ബംഗ്ളാദേശ് മാദ്ധ്യമങ്ങളുടെ പ്രചാരണം വസ്തുതാ വിരുദ്ധമാണെന്ന് മേഘാലയ പോലീസ് വ്യക്തമാക്കി. ബംഗ്ളാദേശ് പോലീസ് ഔദ്യോഗികമായി ബന്ധപ്പെട്ടിട്ടില്ല. ഈ പേരുകളിലുള്ള ആരെയും കണ്ടെത്തുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു. ഇന്ത്യയുമായി ചർച്ച നടത്താതെയാണ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതെന്നും പോലീസ് വ്യക്തമാക്കി.
ശക്തമായ ഇന്ത്യാവിരുദ്ധ പ്രസംഗങ്ങൾക്ക് പേരുകേട്ട വ്യക്തിയായിരുന്നു ഹാദി. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ 2024ലെ ബംഗ്ളാദേശ് വിദ്യാർഥി പ്രക്ഷോഭത്തിലൂടെയാണ് ഹാദി പ്രശസ്തനായത്. ധാക്കയിൽ റിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ ഡിസംബർ 12നാണ് ഹാദിക്ക് വെടിയേറ്റത്. സിംഗപ്പൂരിലെ ഒരു ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ചു.
Most Read| 8.28 കിലോ ഭാരം! ലോകത്തിലെ ഏറ്റവും ഭാരമേറിയ കൈതച്ചക്ക ഓസ്ട്രേലിയയിൽ







































