ന്യൂഡെൽഹി: ഷിംല കരാർ ഒപ്പുവെച്ച മേശപ്പുറത്ത് നിന്ന് പാക്കിസ്‌ഥാൻ പതാക ഒഴിവാക്കി ഇന്ത്യ. ഷിംല കരാർ മരവിപ്പിക്കുമെന്ന പാക്കിസ്‌ഥാന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇന്ത്യയുടെ നടപടി. ഹിമാചൽ പ്രദേശിലെ രാജ്ഭവനിൽ വെച്ചാണ് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയും പാക്കിസ്‌ഥാൻ പ്രസിഡണ്ടായിരുന്ന സുൾഫിക്കർ അലി ഭൂട്ടോയും ചേർന്ന് 1972 ജൂലൈ മൂന്നിന് ഷിംല കരാറിൽ ഒപ്പുവെച്ചത്.
ഹിമാചൽപ്രദേശ് രാജ്ഭവനിലെ കീർത്തി ഹാളിൽ ഇരു രാജ്യങ്ങളുടെയും പതാകയോട് കൂടി കരാർ ഒപ്പുവെച്ച തടിമേശ ചരിത്രസ്‌മാരകം എന്നപോലെ സംരക്ഷിച്ചിരുന്നു. ഇവിടെ നിന്നാണ് ഇപ്പോൾ പാക്കിസ്‌ഥാന്റെ പതാക ഒഴിവാക്കിയിരിക്കുന്നത്. ഭൂട്ടോ കരാറിൽ ഒപ്പുവെയ്‌ക്കുന്നതിന്റെയും ഇന്ദിരാഗാന്ധി അദ്ദേഹത്തോടൊപ്പം ഇരിക്കുന്നതിന്റെയും ഒരു ഫോട്ടോയും മേശപ്പുറത്ത് സൂക്ഷിച്ചിട്ടുണ്ട്.
1971ലെ ഇന്ത്യ-പാക്ക് യുദ്ധത്തിന് ശേഷം 1972ലാണ് ഷിംല കരാർ നിലവിൽ വന്നത്. ഇരു രാജ്യങ്ങളും തമ്മിൽ കാലങ്ങളായി തുടരുന്ന സംഘർഷങ്ങൾക്ക് അവസാനം കുറിക്കുക എന്നത് ലക്ഷ്യമിട്ടായിരുന്നു കരാർ. മൂന്നാമതൊരാളുടെ ഇടപെടലില്ലാതെ തർക്കങ്ങൾ ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കും എന്നതായിരുന്നു അതിൽ പ്രധാനം.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്‌ഥാനെതിരെ കടുത്ത നടപടികളിലേക്ക് ഇന്ത്യ കടന്നിരുന്നു. പാക്കിസ്‌ഥാൻ സൈനിക നയതന്ത്രജ്‌ഞരെ പുറത്താക്കൽ, അതിർത്തി അടയ്‌ക്കൽ, ആറ് ദശാബ്‌ദത്തിലേറെ പഴക്കമുള്ള സിന്ധൂ നദീജല കരാർ റദ്ദാക്കൽ തുടങ്ങിയ നിരവധി കർശന നടപടികൾ ഇന്ത്യ സ്വീകരിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ജലം നിഷേധിക്കുന്നത് യുദ്ധസമാനമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഷിംല കരാർ മരവിപ്പിക്കുകയാണെന്ന് പാക്കിസ്‌ഥാൻ അറിയിച്ചത്.
അതേസമയം, പഞ്ചാബിലെ ഫിറോസ്‌പുരിൽ അതിർത്തി കടന്നെന്ന് ആരോപിച്ച് പാക്കിസ്‌ഥാൻ സൈന്യം കസ്‌റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. 82 ബറ്റാലിയനിലെ കോൺസ്‌റ്റബിൾ പികെ സാഹുവാണ് പാക്കിസ്‌ഥാന്റെ കസ്‌റ്റഡിയിലായത്. കർഷകർക്കൊപ്പം നിയന്ത്രണരേഖയ്‌ക്ക് സമീപത്ത് കൂടി സഞ്ചരിക്കുകയായിരുന്നു സാഹു. വിശ്രമിക്കാനായി തണൽ തേടി പോയപ്പോഴാണ് പാക്കിസ്‌ഥാൻ പിടികൂടിയത്.
Most Read| ഐടി പാർക്കുകളിൽ മദ്യം വിളമ്പാം; ഉത്തരവ് പുറത്തിറക്കി സർക്കാർ








































