മോസ് കോ: എ.കെ- 47 203 റൈഫിളുകൾ നിർമ്മിക്കുന്നതിനുള്ള ഇന്ത്യ-റഷ്യ കരാറിന് അന്തിമരൂപം നൽകിയതായി റിപ്പോർട്ട്. ഷാങ്ഹായ് കോ-ഓപറേഷൻ ഓർഗനൈസേഷൻ (എസ് സി ഒ) യോഗത്തിൽ പങ്കെടുക്കുന്നതിനായി മോസ്‌കോയിലെത്തിയ രാജ്നാഥ് സിംഗുമായി റഷ്യൻ പ്രതിരോധമന്ത്രി ജനറൽ സെർജെ ഷോയ്ഗു നടത്തിയ ചർച്ചയിലാണ് തീരുമാനമെന്ന് റഷ്യൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇന്ത്യൻ സൈന്യത്തിന് 7,70,000 എകെ -47 203 റൈഫിളുകൾ ആവശ്യമാണ്, അതിൽ 1,00,000 ഇറക്കുമതി ചെയ്യും, ബാക്കിയുള്ളവ ഇന്ത്യയിൽ നിർമ്മിക്കും. എകെ -47 റൈഫിളിന്റെ ഏറ്റവും പുതിയതും നൂതനവുമായ പതിപ്പാണ് എകെ -47 203. ഇന്ത്യൻ സ്മോൾ ആർമ്സ് സിസ്റ്റം (ഇൻസാസ്) 5.56×45 എംഎം അറ്റാക്ക് റൈഫിളുകൾക്കു പകരം ഇത് ഉപയോഗിക്കാനാവും.
ഇന്തോ- റഷ്യൻ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡ് (ഐആർആർപിഎൽ) എന്ന സംയുക്ത സംരംഭത്തിന്റെ ഭാഗമായാണ് ഇന്ത്യയിൽ എകെ -47 203 റൈഫിളുകൾ നിർമ്മിക്കുന്നത്. ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഓർഡനൻസ് ഫാക്റ്ററി ബോർഡ് (ഒഎഫ്ബി), റഷ്യൻ ആയുധ നിർമ്മാതാക്കളായ കലാഷ്നിക്കോവ് ഗ്രൂപ്പ്, റൊസോബോൺ എക്സ്പോർട്ട് എന്നിവയാണ് സംയുക്ത സംരംഭത്തിലുള്ളത്. ഒഎഫ്ബിക്ക് 50.5 ശതമാനം ഓഹരികളുണ്ടാവും, കലാഷ്നിക്കോവ് ഗ്രൂപ്പിന് 42 ശതമാനവും. റഷ്യൻ ഔദ്യോഗിക കയറ്റുമതി ഏജൻസിയായ റോസോബൊറോനെക്സ്പോർട്ടിനാണ് ശേഷിച്ച 7.5 ശതമാനം ഓഹരി.