ന്യൂഡെൽഹി: വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ബംഗ്ളാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ കാര്യത്തിൽ പരസ്യപ്രതികരണം ഒഴിവാക്കി ഇന്ത്യ. ഹസീനയെ ഇന്ത്യ ബംഗ്ളാദേശിന് കൈമാറില്ല. ഇക്കാര്യം നയതന്ത്ര ചാനൽ വഴി അറിയിക്കും.
കുറ്റവാളികളെ കൈമാറാൻ നിലവിലുള്ള ഉഭയകക്ഷി കരാർ വ്യവസ്‌ഥകൾ ചൂണ്ടിക്കാട്ടി ബംഗ്ളാദേശ് വിദേശകാര്യ മന്ത്രാലയം ഹസീനയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇന്ത്യ അംഗീകരിച്ചില്ലെന്നാണ് കേന്ദ്ര സർക്കാർ നൽകുന്ന സൂചന. ബംഗ്ളാദേശ് ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് ഇന്ത്യയിൽ എത്തിയിട്ടുണ്ട്.
ഹസീനയെ ബംഗ്ളാദേശിന് കൈമാറാനുള്ള ഒരു നീക്കവ്മുണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു. ബംഗ്ളാദേശിൽ മുഹമ്മദ് യൂനൂസ് ഉറപ്പ് നൽകിയ തിരഞ്ഞെടുപ്പ് നടക്കുമോ എന്ന് ഇന്ത്യ നിരീക്ഷിക്കും. ഹസീനയുടെ അവാമി ലീഗ് കൂടി പങ്കാളിയായ നീക്കങ്ങളേ ഇന്ത്യ അംഗീകരിക്കൂ എന്ന സൂചനയാണ് ഉന്നത വൃത്തങ്ങൾ നൽകുന്നത്.
ഹസീനയ്‌ക്ക് വധശിക്ഷ നൽകിയ ശേഷമുള്ള ബംഗ്ളാദേശിലെ നീക്കങ്ങൾ ഇന്ത്യ നിരീക്ഷിക്കുകയാണ്. ഹസീനയുടെ അനുയായികളും പലയിടങ്ങളിലും പ്രതിഷേധിക്കുന്നുണ്ട്. ഇത് വീണ്ടും വൻ സംഘർഷത്തിലേക്ക് നീങ്ങാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഹസീനയെ കൈമാറണമെന്ന് കഴിഞ്ഞദിവസം ബംഗ്ളാദേശ് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തിലെ കത്ത് ഇന്ത്യക്ക് കിട്ടിയിട്ടില്ല. അപേക്ഷ വന്നാലും ഇന്ത്യ ഇത് തള്ളും. കോടതി വിധി തട്ടിപ്പാണെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ.
Most Read| ‘തനിയെ നെന്നിനീങ്ങുന്ന കല്ലുകൾ’; ഡെത്ത് വാലിയിലെ നിഗൂഢമായ രഹസ്യം!








































