ന്യൂയോർക്ക്: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്‌ഥാനെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ. പാക്കിസ്‌ഥാൻ തെമ്മാടി രാജ്യമാണെന്ന് ഐക്യരാഷ്‌ട്ര സഭയിലാണ് (യുഎൻ) ഇന്ത്യയുടെ ഡെപ്യൂട്ടി സ്‌ഥിരം പ്രതിനിധിയായ യോജ്‌ന പട്ടേൽ വിശേഷിപ്പിച്ചത്.
”ഭീകരവാദ സംഘങ്ങൾക്ക് പണം നൽകുകയും പിന്തുണ നൽകുകയും പരിശീലനം കൊടുക്കുകയും ചെയ്യുന്ന പാക്കിസ്‌ഥാന്റെ ചരിത്രത്തെക്കുറിച്ച് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് ടെലിവിഷൻ അഭിമുഖത്തിൽ ഏറ്റുപറഞ്ഞത് ലോകം മുഴുവൻ കേട്ടു. ഈ ഏറ്റുപറച്ചിൽ ആരെയും അൽഭുതപ്പെടുത്തുന്നില്ല. ലോകത്ത് ഭീകരവാദത്തിന് ഇന്ധനം പകരുന്ന ഒരു തെമ്മാടി രാഷ്‌ട്രമാണ് പാക്കിസ്‌ഥാനെന്ന് അതിലൂടെ തുറന്നുകാട്ടപ്പെടുകയാണ്”- യോജ്‌ന പട്ടേൽ പറഞ്ഞു.
”2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം, സാധാരണ മനുഷ്യർ ഏറ്റവും കൂടുതൽ കൊല്ലപ്പെട്ട ആക്രമണമാണ് പഹൽഗാമിലേത്. പതിറ്റാണ്ടുകളായി അതിർത്തി ഭീകരവാദത്തിന് ഇരയായിട്ടുള്ള ഇന്ത്യക്ക്, ഭീകരവാദം ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും സമൂഹത്തിനും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വ്യക്‌തമായി മനസിലാക്കാൻ സാധിക്കും. ഭീകരവാദത്തെ ഒന്നിച്ച് അപലപിക്കണം”- യോജ്‌ന വ്യക്‌തമാക്കി.
ഭീകരവാദത്തിന് ഇരകളായവർക്ക് സുരക്ഷിതമായ സാഹചര്യം ഒരുക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള വിക്‌ടിംസ് ഓഫ് ടെററിസം അസോസിയേഷൻ നെറ്റ്‌വർക്കിന്റെ രുപീകരണ വേളയിലായിരുന്നു പാക്കിസ്‌ഥാനെതിരെ യോജ്‌ന പട്ടേൽ രൂക്ഷവിമർശനം ഉന്നയിച്ചത്. ഭീകരപ്രവർത്തനങ്ങളോട് സഹിഷ്‌ണുത പാടില്ലെന്ന രാജ്യാന്തര സമൂഹത്തിന്റെ നയം വ്യക്‌തമാണെന്ന് പറഞ്ഞ യോജ്‌ന പട്ടേൽ പഹൽഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യക്ക് നൽകിയ പിന്തുണയ്‌ക്കും ഐക്യദാർഢ്യത്തിനും രാജ്യാന്തര സമൂഹത്തിന് നന്ദി പറഞ്ഞു.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ