2 ദിവസത്തെ സന്ദർശനം, പ്രധാനമന്ത്രി ശ്രീലങ്കയിൽ; പത്തോളം കരാറുകളിൽ ഒപ്പുവെച്ചു

പ്രതിരോധം, ഊർജം, ഇലക്‌ട്രിക് ഗ്രിഡ് കണക്റ്റിവിറ്റി, ആരോഗ്യം എന്നീ മേഖലകളുമായി ബന്ധപ്പെട്ട നിർണായക കരാറുകളിലാണ് ഇന്ത്യയും ശ്രീലങ്കയും ഒപ്പുവെച്ചത്.

By Senior Reporter, Malabar News
Prime Minister Narendra Modi and Sri Lankan President Anura Kumara Dissanayake
Image By (The Week)
Ajwa Travels

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീലങ്കയിൽ. രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് പ്രധാനമന്ത്രി ശ്രീലങ്കയിലെത്തിയത്. ശ്രീലങ്കൻ പ്രസിഡണ്ട് അനുര കുമാര ദിസനായകെ ഇന്ത്യ സന്ദർശിച്ച വേളയിൽ ഉണ്ടാക്കിയ കരാറുകൾക്ക് അന്തിമരൂപം നൽകുന്നതിനാണ് മോദി ശ്രീലങ്കയിലേക്ക് പോയത്. പത്തോളം കരാറുകളിൽ ഇരുവരും ഒപ്പുവെച്ചു.

പ്രതിരോധം, ഊർജം, ഇലക്‌ട്രിക് ഗ്രിഡ് കണക്റ്റിവിറ്റി, ആരോഗ്യം എന്നീ മേഖലകളുമായി ബന്ധപ്പെട്ട നിർണായക കരാറുകളിലാണ് ഒപ്പുവെച്ചത്. 2022ലെ സാമ്പത്തിക പ്രതിസന്ധിയിൽ തകർന്ന ശ്രീലങ്കയെ വീണ്ടെടുക്കാൻ ഇന്ത്യ തുടർന്നും സഹായം നൽകുമെന്ന് മോദി ശ്രീലങ്കൻ പ്രസിഡണ്ട് അനുര കുമാര ദിസനായകെയ്‌ക്ക് ഉറപ്പ് നൽകി.

സിലോൺ ഇലക്‌ട്രിസിറ്റി ബോർഡും ഇന്ത്യയുടെ എൻടിപിസിയും ചേർന്ന് സാംപൂരിൽ നിർമിക്കുന്ന 135 മെഗാവാട്ട് സൗരോർജ നിലയത്തിന്റെ തറക്കല്ലിടൽ ഇരു നേതാക്കളും ചേർന്ന് വെർച്വലായി നിർവഹിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്‌ത സൈനിക അഭ്യാസങ്ങൾ, പരിശീലനം എന്നിവ ഉൾപ്പെട്ട പ്രതിരോധ സഹകരണത്തിനുള്ള ധാരണാപത്രം തയ്യാറായി.

2019ലെ ഭീകരാക്രമണമായാലും, കോവിഡ് മഹാമാരിയായാലും, സമീപകാല സാമ്പത്തിക പ്രതിസന്ധിയായാലും, എല്ലാ ദുഷ്‌കരമായ സാഹചര്യങ്ങളിലും ഞങ്ങൾ ശ്രീലങ്കയിലെ ജനങ്ങൾക്കൊപ്പം നിന്നു”- ദിസനായകെയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം നടത്തിയ സംയുക്‌ത വാർത്താ സമ്മേളനത്തിൽ മോദി പറഞ്ഞു.

ഇന്ത്യയുടെ സുരക്ഷയ്‌ക്ക്‌ ഭീഷണിയാകും വിധം തങ്ങളുടെ സ്‌ഥലം ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് ശ്രീലങ്കൻ പ്രസിഡണ്ട് അനുര കുമാര ദിസനായകെ പ്രധാനമന്ത്രിക്ക് ഉറപ്പ് നൽകി.

ശ്രീലങ്കയിലെ ചൈനയുടെ വർധിച്ചുവരുന്ന സ്വാധീനം ഇന്ത്യക്ക് ആശങ്കയാകുന്ന സാഹചര്യത്തിൽ ദിസനായകെയുടെ പരാമർശം ആശ്വാസം നൽകുന്നതാണ്. കഴിഞ്ഞവർഷം ശ്രീലങ്കൻ പ്രസിഡണ്ടായി ദിസനായകെ അധികാരമേറ്റതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണിത്. ഡിസംബറിൽ ദിസനായകെ ഇന്ത്യ സന്ദർശിച്ചിരുന്നു.

Most Read| ഗോകുലം ഗ്രൂപ്പിന്റേത് ഫെമ ചട്ടലംഘനം; 593 കോടി രൂപ സമാഹരിച്ചെന്ന് ഇഡി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE