ന്യൂഡെൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്‌ഥാന് കനത്ത തിരിച്ചടി നൽകാൻ ഇന്ത്യ. അട്ടാരിയിലെ ഇന്ത്യ- പാക്കിസ്‌ഥാൻ അതിർത്തി പൂർണമായും അടയ്‌ക്കും. നിലവിൽ ഇന്ത്യയിലുള്ള എല്ലാ പാക്ക് പൗരൻമാരുടെയും വിസ റദ്ദാക്കി. എല്ലാ പാക്ക് പൗരൻമാരും 48 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടണമെന്നും കർശന മുന്നറിയിപ്പ് നൽകി.
ഇനി പാക്ക് പൗരൻമാർക്ക് വിസ നൽകില്ല. ഇന്ത്യയിലുള്ള പാക്കിസ്‌ഥാന്റെ നയതന്ത്ര കാര്യാലയത്തിലെ ഉദ്യോഗസ്‌ഥരുടെ എണ്ണം 55ൽ നിന്ന് 30 ആക്കി വെട്ടിക്കുറക്കാനും തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, പാക്കിസ്‌ഥാനുമായുള്ള സിന്ധൂ നദീജല കരാർ മരവിപ്പിക്കും. പാക്കിസ്‌ഥാനിലുള്ള ഇന്ത്യൻ നയതന്ത്രജ്‌ഞരെ തിരിച്ചുവിളിക്കും. പാക്ക് പ്രതിരോധ ഉദ്യോഗസ്‌ഥരെ പുറത്താക്കാനും തീരുമാനിച്ചു.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന സുരക്ഷാസമിതി യോഗത്തിലാണ് ഇക്കാര്യങ്ങളിൽ തീരുമാനമെടുത്തത്. ഇതോടെ, ശക്‌തമായി തിരിച്ചടിക്കുമെന്ന മുന്നറിയിപ്പാണ് ഇന്ത്യ നൽകിയിരിക്കുന്നത്. പാക്കിസ്‌ഥാനുമായി ബന്ധപ്പെട്ട് നയതന്ത്ര ബന്ധങ്ങളിൽ ഇന്ത്യ ഇത്ര കടുത്ത തീരുമാനമെടുക്കുന്നത് ഇതാദ്യമായാണ്. രണ്ടരമണിക്കൂറോളം നീണ്ട സുരക്ഷാസമിതി യോഗത്തിനൊടുവിലാണ് തീരുമാനം പുറത്തുവന്നത്.
അതിനിടെ, ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മൃതദേഹം നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചു. ഡെൽഹിയിൽ നിന്ന് എയർഇന്ത്യയുടെ AI 503 വിമാനത്തിലാണ് മൃതദേഹം 7.30ഓടെ കൊച്ചിയിലെത്തിച്ചത്.
പൊതുദർശനത്തിന് വെച്ചശേഷം മൃതദേവും ഇടപ്പള്ളിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ജില്ലാ കലക്‌ടർ എൻഎസ്‌കെ ഉമേഷിന് പുറമെ സംസ്‌ഥാന സർക്കാരിന്റെ പ്രതിനിധികളായി മന്ത്രിമാരായി പി പ്രസാദും ജെ ചിഞ്ചുറാണിയും രാമചന്ദ്രന്റെ മൃതദേഹം ഏറ്റുവാങ്ങാൻ നെടുമ്പാശേരിയിൽ എത്തിയിരുന്നു. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനും പ്രതിപക്ഷ നേതാവ് വിഡി സതീശനും എത്തിയിരുന്നു.
രാമചന്ദ്രന്റെ കുടുംബവും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. വിദേശത്തുള്ള സഹോദരൻ നാട്ടിലെത്തിയതിന് ശേഷം വെള്ളിയാഴ്‌ച ആയിരിക്കും രാമചന്ദ്രന്റെ മൃതദേഹം സംസ്‌കരിക്കുക. വെള്ളിയാഴ്‌ച രാവിലെ ഏഴുമണിമുതൽ ഒമ്പത് മണിവരെ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ പൊതുദർശനമുണ്ടാകും. സംസ്‌കാരം 11.30ന് ഇടപ്പള്ളി ശ്‌മശാനത്തിൽ നടക്കും.
കുടുംബത്തോടൊപ്പം ചൊവ്വാഴ്‌ച രാവിലെയാണ് രാമചന്ദ്രൻ പഹൽഗാമിലെത്തിയത്. മകളുടെ മുന്നിൽ വെച്ചാണ് രാമചന്ദ്രന് വെടിയേറ്റത്. രാമചന്ദ്രനൊപ്പം ഭാര്യ ഷീല, മകൾ ആരതി, മകളുടെ ഇരട്ടക്കുട്ടികൾ എന്നിവരാണ് ഉണ്ടായിരുന്നത്. ഇടപ്പള്ളി മങ്ങാട്ട് നീരാഞ്‌ജനത്തിലെ നാരായണ മേനോന്റെ മകനാണ് രാമചന്ദ്രൻ. കൊച്ചിയിൽ നിന്ന് ഹൈദരാബാദ് വഴിയാണ് ഇവർ കശ്‌മീരിലെത്തിയത്.
Most Read| ലോകത്തിലെ ഏറ്റവും വലിയ വായ; ലോക റെക്കോർഡ് നേടി മേരി പേൾ