ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുകെ സന്ദർശനം വ്യാഴാഴ്‌ച ആരംഭിക്കും. സന്ദർശന വേളയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവയ്‌ക്കുമെന്നാണ് റിപ്പോർട്. കരാർ നിലവിൽ വരുന്നതോടെ വിസ്‌കി, കാറുകൾ, ഇലക്‌ട്രിക് വാഹനങ്ങൾ, തുണിത്തരങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങൾക്കും മേഖലകൾക്കും പ്രയോജനം ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
കേന്ദ്ര മന്ത്രിസഭ ഇതിനകം തന്നെ കരാറിന് അംഗീകാരം നൽകിയതായി റിപ്പോർട്ടുണ്ട്. എന്നാൽ, ബ്രിട്ടീഷ് പാർലമെന്റിന്റെ അംഗീകാരവും ആവശ്യമാണ്. ഇത് ഒരുവർഷത്തിനുള്ളിൽ ലഭിക്കുമെന്നാണ് കരുതുന്നത്. കരാർ പ്രകാരം ബ്രിട്ടനിലേക്കുള്ള 99% ഇന്ത്യൻ കയറ്റുമതി ഉൽപ്പന്നങ്ങൾക്കും തീരുവ ഒഴിവാകുമെന്നും ഇത് വലിയ നേട്ടമുണ്ടാക്കുമെന്നും ഇന്ത്യൻ വാണിജ്യ മന്ത്രാലയം അറിയിച്ചു.
ബ്രിട്ടന്റെ 90% ഉൽപ്പന്നങ്ങൾക്കും തീരുവ കുറയും. ഇന്ത്യയിൽ നിന്ന് തുണിത്തരങ്ങൾ, പാദരക്ഷകൾ, രത്‌നങ്ങൾ, ആഭരണങ്ങൾ, വാഹന ഘടകങ്ങൾ എന്നിവയുടെ നിലവിലെ നാലുമുതൽ 16% വരെയുള്ള തീരുവ പൂർണമായും ഒഴിവാകാൻ സാധ്യതയുണ്ട്. യുകെയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകളുടെ തീരുവ നിലവിലെ 100 ശതമാനത്തിൽ നിന്ന് 10 ശതമാനമായി ഇന്ത്യ കുറയ്‌ക്കും.
എന്നാൽ, ഇതിനൊരു ക്വാട്ട സംവിധാനം ഉണ്ടായിരിക്കും. അതായത് കുറഞ്ഞ തീരുവ പരിമിതമായ എണ്ണം ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് മാത്രമേ ബാധകമാകൂ. കരാർ അനുസരിച്ച് ഈ എണ്ണം ക്രമേണ ഉദാരവൽക്കരിക്കും. ആസ്‌റ്റൺ മാർട്ടിൻ, ടാറ്റയുടെ ഉടമസ്‌ഥതയിലുള്ള ജാഗ്വാർ ലാൻഡ് റോവർ എന്നിവയ്‌ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
യുകെ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ലഘൂകരിക്കുന്നതിന് പകരമായി, ഇന്ത്യൻ നിർമാതാക്കളുടെ ഇലക്‌ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾക്ക് ബ്രിട്ടീഷ് വിപണിയിൽ പ്രവേശനം ലഭിക്കും. ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ഇലക്‌ട്രിക് തുടങ്ങിയ നിർമാതാക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചേക്കും. കരാർ നിലവിൽ വരുന്നതോടെ സ്‌കോച്ച് വിസ്‌കിയുടെ ഇറക്കുമതി ചുങ്കം 150 ശതമാനത്തിൽ നിന്ന് 75 ശതമാനമായി കുറയും. അടുത്ത ദശാബ്‌ദത്തിനുള്ളിൽ ഇത് 40 ശതമാനമായി കുറയും.
വാണിജ്യ മന്ത്രി പിയൂഷ് ഗോയലും പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്. പ്രധാനമന്ത്രിയായ ശേഷം യുകെയിലേക്കുള്ള മോദിയുടെ നാലാമത്തെ സന്ദർശനമാണിത്. യുകെ പ്രധാനമന്ത്രി കെയ്‌ർ സ്‌റ്റാർമറുമായും, വ്യവസായ പ്രമുഖരുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തും.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!