ക്വാലാലംപൂർ: അണ്ടർ 19 വനിതാ ലോകകപ്പ് ക്രിക്കറ്റിൽ കിരീടം നിലനിർത്തി ഇന്ത്യ. ഫൈനൽ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒമ്പത് വിക്കറ്റ് വിജയവുമായാണ് ഇന്ത്യയുടെ കിരീടനേട്ടം. ഏകപക്ഷീയമായ മൽസരത്തിൽ ഉയർത്തിയ 83 റൺസ് വിജയലക്ഷ്യത്തിലേക്ക് 11.2 ഓവറിൽ ഇന്ത്യയെത്തി.
ടൂർണമെന്റിൽ ഉടനീളം അനായാസ വിജയങ്ങൾ സ്വന്തമാക്കിയ ഇന്ത്യക്ക് ഫൈനലിൽ ദക്ഷിണാഫ്രിക്ക ഒരു ഘട്ടത്തിലും വെല്ലുവിളിയായില്ല. ബാറ്റിങ്ങിൽ അഞ്ചാം ഓവറിൽ ജി കമാലിനിയെ (13 പന്തിൽ എട്ട്) നഷ്‌ടമായെങ്കിലും കൂടുതൽ വിക്കറ്റുകൾ പോകാതെ ഇന്ത്യ വിജയത്തിലെത്തി. 33 പന്തിൽ 44 റൺസെടുത്ത് ഗൊങ്കഡി തൃഷയും 22 പന്തിൽ 26 റൺസെടുത്ത് സനിക ചൽക്കെയും നിലയുറപ്പിച്ചതോടെ 52 പന്തുകൾ ബാക്കിനിൽക്കെ ഇന്ത്യ വിജയ റൺസ് കുറിച്ചു.
18 പന്തിൽ 23 റൺസെടുത്ത മൈക് വാൻ വൂസ്‌റ്റാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറർ. രണ്ടാം ഓവറിലെ അവസാന പന്തിൽ ദക്ഷിണാഫ്രിക്കൻ ഓപ്പണർ സിമോൺ ലോറൻസിനെ പൂജ്യത്തിന് പുറത്താക്കി പരുനിക സിസോദിയയാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്‌ക്ക് തുടക്കമിട്ടത്. 14 പന്തിൽ 16 റൺസെടുത്ത ജെമ്മ ബോതയെ ഷബ്‌നം സകിൽ വിക്കറ്റ് കീപ്പർ കമാലിനിയുടെ കൈകളിലെത്തിച്ചു.
പിന്നാലെയെത്തിയ ഡയറ രംകനും (മൂന്ന്), ക്യാപ്‌റ്റൻ കൈലിയും (ഏഴ്) അതിവേഗം മടങ്ങിയതോടെ ദക്ഷിണാഫ്രിക്ക സമ്മർദ്ദത്തിലായി. പവർപ്ളേ ഓവറിൽ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 29 റൺസ് മാത്രമാണ് ദക്ഷിണാഫ്രിക്ക അടിച്ചത്. വാലറ്റത്ത് ഷേഷ്‌ലി നായിഡു, ആഷ്‌ലി വാൻസിക്, മൊണാലിസ ലെഗോഡി എന്നിവർ റണ്ണൊന്നുമില്ലാതെ മടങ്ങിയതോടെ ദക്ഷിണാഫ്രിക്ക 20 ഓവറിൽ 82ൽ ഒതുങ്ങി.
Most Read| ചരിത്രത്തിൽ ആദ്യമായി നാസയുടെ തലപ്പത്ത് വനിത; ആരാണ് ജാനറ്റ് പെട്രോ?