ന്യൂഡെൽഹി: പാക്കിസ്‌ഥാന് കനത്ത തിരിച്ചടിയുമായി ഇന്ത്യ. ജമ്മു കശ്‌മീരിലെ നിയന്ത്രണരേഖയിലും ഇന്ത്യൻ പോസ്‌റ്റുകളിലും പാക്കിസ്‌ഥാൻ സൈന്യം നടത്തിയ വെടിവെയ്‌പ്പിൽ തിരിച്ചടി നൽകിയിരിക്കുകയാണ് ഇന്ത്യൻ സേന. പഹൽഗാമിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് നിയന്ത്രണ രേഖയിൽ പാക്ക് പ്രകോപനം ഉണ്ടായത്.
ഇന്ത്യൻ സേനയുടെ ഭാഗത്ത് നിന്ന് ഫലപ്രദമായ പ്രതികരണം ഉണ്ടായെന്നും എന്നാൽ ആളപായം റിപ്പോർട് ചെയ്‌തിട്ടില്ലെന്നും സേനയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. പിർ പിഞ്ചാൽ മേഖലയിലാണ് ഭീകരർ ഒളിച്ചിരിക്കുന്നതെന്നാണ് സൂചന. ലഷ്‌കറിനൊപ്പം മറ്റ് ഭീകര സംഘടനകളുടെ സഹായവും ഇവർക്ക് ലഭിച്ചു. ഇതുവരെ 2000 പേരെ ചോദ്യം ചെയ്‌തു.
ഭീകരാക്രമണത്തിൽ പാക്ക് ബന്ധം സ്‌ഥിരീകരിച്ചതോടെ പാക്കിസ്‌ഥാനെതിരെ ഇന്ത്യ കടുത്ത നിലപാട് സ്വീകരിച്ചിരിക്കുകയാണ്. പാക്കിസ്‌ഥാൻ സൈനിക നയതന്ത്രജ്‌ഞരെ പുറത്താക്കൽ, അതിർത്തി അടയ്‌ക്കൽ, ആറ് ദശാബ്‌ദത്തിലേറെ പഴക്കമുള്ള സിന്ധൂ നദീജല കരാർ റദ്ദാക്കൽ തുടങ്ങിയ നിരവധി കർശന നടപടികൾ ഇന്ത്യ സ്വീകരിച്ചിട്ടുണ്ട്.
അതേസമയം, പഞ്ചാബിലെ ഫിറോസ്‌പുരിൽ അതിർത്തി കടന്നെന്ന് ആരോപിച്ച് പാക്കിസ്‌ഥാൻ സൈന്യം കസ്‌റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇന്നലെ ബിഎസ്എഫ് പ്രതിനിധി സംഘം ഫിറോസ്‌പുരിലെ ജില്ലോക്ക് അതിർത്തി ഔട്ട്പോസ്‌റ്റിലെത്തി പാക്കിസ്‌ഥാൻ റേഞ്ചേഴ്‌സുമായി ഫ്‌ളാഗ് മീറ്റ് നടത്തി. കാര്യമായ തീരുമാനങ്ങളെടുക്കാൻ കഴിയാതെ വന്നതോടെ ഇന്നും മീറ്റിങ് നടത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ, പാക്കിസ്‌ഥാൻ ഇതുവരെ മറുപടി നൽകിയിട്ടില്ല. ബിഎസ്എഫ് ജവാനെ സുരക്ഷിതമായി തിരികെ കൊണ്ടുവരുന്നതിനായി പാക്കിസ്‌ഥാൻ റേഞ്ചേഴ്‌സുമായി നല്ല ബന്ധം തുടരാനാണ് ശ്രമിക്കുന്നത്. 82 ബറ്റാലിയനിലെ കോൺസ്‌റ്റബിൾ പികെ സാഹുവാണ് പാക്കിസ്‌ഥാന്റെ കസ്‌റ്റഡിയിലായത്. കർഷകർക്കൊപ്പം നിയന്ത്രണരേഖയ്‌ക്ക് സമീപത്ത് കൂടി സഞ്ചരിക്കുകയായിരുന്നു സാഹു.
വിശ്രമിക്കാനായി തണൽ തേടി പോയപ്പോഴാണ് പാക്കിസ്‌ഥാൻ പിടികൂടിയത്. അതിർത്തിക്കും സീറോ ലൈനിനും ഇടയിലുള്ള മേഖലയിലായിരുന്നു ജവാൻ. കഠിനമായ ചൂട് താങ്ങാനാവാതെ സമീപത്തെ മരച്ചുവട്ടിലേക് തണൽ തേടി നീങ്ങിയപ്പോഴാണ് രാജ്യാന്തര അതിർത്തി മുറിച്ചുകടന്നെന്ന പേരിൽ പാക്കിസ്‌ഥാൻ സൈന്യം ജവാനെ കസ്‌റ്റഡിയിൽ എടുത്തത്. പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ ഇരുരാജ്യങ്ങളും കടുത്ത നടപടികൾ പ്രഖ്യാപിച്ചിരിക്കെയായിരുന്നു സംഭവം.
Most Read| ലോകത്തിലെ ഏറ്റവും വലിയ വായ; ലോക റെക്കോർഡ് നേടി മേരി പേൾ








































