കറാച്ചി: ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് മൽസരങ്ങൾ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, മൽസര വേദിയായ കറാച്ചിയിലെ നാഷണൽ സ്‌റ്റേഡിയത്തിൽ ഇന്ത്യയുടെ പതാക മാത്രം ഒഴിവാക്കിയതിൽ വിവാദം പുകയുന്നു. ടൂർണമെന്റിൽ പങ്കെടുക്കുന്ന പാകിസ്‌ഥാൻ ഉൾപ്പടെയുള്ള ഏഴ് ടീമുകളുടെയും പതാകകൾ കറാച്ചിയിലെ സ്‌റ്റേഡിയത്തിൽ സ്‌ഥാപിച്ചിട്ടുണ്ട്.
എന്നാൽ, ഇന്ത്യയുടെ പതാക മാത്രം സ്‌റ്റേഡിയത്തിൽ ഇല്ലെന്നാണ് രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്. സ്‌റ്റേഡിയത്തിൽ നിന്നുള്ള ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലാണ്. ഇന്ത്യയുടെ പതാക എന്തുകൊണ്ടാണ് സ്‌റ്റേഡിയത്തിൽ സ്‌ഥാപിക്കാത്തത് എന്നതിൽ ഐസിസിയോ, പാകിസ്‌ഥാൻ ക്രിക്കറ്റ് ബോർഡോ ഇതുവരെ നിലപാട് വ്യക്‌തമാക്കിയിട്ടില്ല.
ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മൽസരങ്ങൾ മാത്രം ദുബായിലാണ് നടക്കുന്നത്. പാകിസ്‌ഥാനിലേക്ക് ടൂർണമെന്റ് കളിക്കാൻ ടീമിനെ അയക്കില്ലെന്ന് ബിസിസിഐ നിലപാടെടുത്തതോടെയാണ് ഐസിസി ഇടപെട്ട് ഇന്ത്യയുടെ മൽസരങ്ങൾ യുഎഇയിലേക്ക് മാറ്റിയത്. ഇന്ത്യ സെമി ഫൈനൽ കളിച്ചാൽ ആ മൽസരവും ഫൈനൽ പോരാട്ടവും ദുബായിലേക്ക് മാറ്റേണ്ടിവരും.
സുരക്ഷാ ഭീഷണികൾ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യൻ താരങ്ങളെ പാകിസ്‌ഥാനിലേക്ക് വിടില്ലെന്ന് ബിസിസിഐ നിലപാടെടുത്തത്. തുടക്കത്തിൽ ബിസിസിഐക്കെതിരെ കടുംപിടിത്തം തുടർന്ന പാക് ബോർഡ് മറ്റു വഴികളില്ലാതായതോടെ വഴങ്ങുകയായിരുന്നു. ഈ മാസം 20ന് ബംഗ്ളാദേശിനെതിരെയാണ് ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ ആദ്യ മൽസരം. 23ന് പാകിസ്‌ഥാനെതിരായ പോരാട്ടവും ദുബായിലാണ് നടക്കുക.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ