ടിബിലിസി: ജോർജിയയിലെ റിസോർട്ടിൽ 11 ഇന്ത്യക്കാരടക്കം 12 പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഗുദൗരിയിലെ റിസോർട്ടിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ റെസ്‌റ്റോറന്റിലെ ജീവനക്കാരാണ് മരിച്ചത്. വിഷവാതകമായ കാർബൺ മോണോക്‌സൈഡ് ശ്വസിച്ചാണ് മരണമെന്നാണ് ജോർജിയയിലെ ഇന്ത്യൻ എംബസി അറിയിച്ചത്.
മരിച്ചവരിൽ 11 പേർ ഇന്ത്യക്കാരാണ്. ഒരാൾ ജോർജിയൻ പൗരനുമാണെന്നാണ് വിവരം. ഹോട്ടൽ കെട്ടിടത്തിലെ രണ്ടാം നിലയിലുള്ള കിടപ്പുമുറിയിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ശരീരത്തിൽ മുറിവുകളോ മറ്റു പരിക്കുകളോ ഇല്ല. സ്‌ഥലത്ത് ഫൊറൻസിക് പരിശോധനകൾ നടന്നുവരികയാണ്.
മരിച്ചവരുടെ കുടുംബങ്ങളെ ജോർജിയയിലെ ഇന്ത്യൻ എംബസി അനുശോചനം അറിയിച്ചു. കുടുംബാംഗങ്ങളെ ബന്ധപ്പെടുന്നുണ്ടെന്നും ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും എംബസി പ്രസ്‌താവനയിൽ വ്യക്‌തമാക്കി. അതേസമയം, മൃതദേഹങ്ങൾ കണ്ടെത്തിയ മുറിയുടെ സമീപത്ത് ജനറേറ്റർ കണ്ടെത്തിയെന്ന് ജോർജിയ മിനിസ്‌ട്രി ഓഫ് ഇന്റേണൽ അഫയേഴ്‌സ് വാർത്താക്കുറിപ്പ് ഇറക്കി.
ചെറിയ അടച്ചിട്ട മുറിയിൽ പ്രവർത്തിച്ച ജനറേറ്ററിൽ നിന്നുയർന്ന പുക ശ്വസിച്ചാണ് മരണമെന്നാണ് സംശയം. ജനറേറ്റർ വൈദ്യുതി നിലച്ചപ്പോൾ പ്രവർത്തിച്ചിരുന്നുവെന്ന് പ്രസ്‌താവനയിൽ പറയുന്നു. സംഭവത്തിൽ ക്രിമിനൽ കേസെടുത്ത് അന്വേഷണം പുരോഗമിക്കുന്നതായും ഫൊറൻസിക് സംഘം സ്‌ഥലത്ത് പരിശോധന നടത്തുകയാണെന്നും വാർത്താക്കുറിപ്പിൽ വ്യക്‌തമാക്കിയിട്ടുണ്ട്.
Most Read| യുവാവിന്റെ ഫോൺ അടിച്ചുമാറ്റി കുരങ്ങൻ; കോൾ വന്നപ്പോൾ അറ്റൻഡ് ചെയ്‌തു