ബിഷ്‌കെക്ക്: വിദേശ വിദ്യാർഥികളെ ലക്ഷ്യമിട്ട് കിർഗിസ്‌ഥാനിലെ ബിഷ്‌കെക്കിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഇന്ത്യ. നിലവിൽ സാഹചര്യം ശാന്തമാണെങ്കിലും വിദ്യാർഥികൾ താമസ സ്‌ഥലങ്ങളിൽ തന്നെ കഴിയണമെന്നും ആരും പുറത്തിറങ്ങരുതെന്നും കിർഗിസ്‌ഥാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.
വിദ്യാർഥികളുമായി ബന്ധപ്പെടുന്നുണ്ടെന്നും എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ 0555710041 എന്ന ടോൾഫ്രീ നമ്പറിൽ എംബസിയുമായി ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു. മേയ് 13ന് കിർഗിസ്‌ഥാനിലെയും ഈജിപ്‌തിലെയും വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് വിദേശ വിദ്യാർഥികളെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ തുടങ്ങിയത്.
ബിഷ്‌കെക്കിലെ മെഡിക്കൽ സർവകലാശാല ഹോസ്‌റ്റലിലും വിദ്യാർഥികൾ താമസിക്കുന്ന വീടുകളിലും നടത്തിയ ആക്രമണത്തിൽ ഏതാനും പാക് വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. ഏതാണ്ട് 14,500 ഇന്ത്യൻ വിദ്യാർഥികൾ കിർഗിസ്‌ഥാനിൽ പഠിക്കുന്നുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക്. അതേസമയം, പാകിസ്‌ഥാൻ, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളും തങ്ങളുടെ വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Most Read| കോവിഷീൽഡിന് പിന്നാലെ കോവാക്‌സിനും പാർശ്വഫലമുണ്ടെന്ന് പഠനം




































