ദുബായ്: ഏഷ്യാ കപ്പിന്റെ തുടക്കം മുതലുള്ള വിവാദം സമ്മാനദാന ചടങ്ങിലേക്ക് നീണ്ടു. പാക്കിസ്‌ഥാൻകാരനായ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാൻ മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് കിരീടം ഏറ്റുവാങ്ങാൻ ഇന്ത്യൻ ടീം വിസമ്മതിച്ചു. കിരീടവും മെഡലും സ്വീകരിക്കാതെയാണ് ഇന്ത്യൻ താരങ്ങൾ വിജയം ആഘോഷിച്ചത്.
പാക്കിസ്‌ഥാൻകാരനെതിരായ ആദ്യ മൽസരത്തിൽ ടോസ് സമയത്ത് സൂര്യകുമാർ യാദവ് പാക്കിസ്‌ഥാൻ ക്യാപ്റ്റൻ സൽമാൻ ആഗക്ക് കൈകൊടുത്തിരുന്നില്ല. ഇത് മൂന്ന് മൽസരങ്ങളിലും ആവർത്തിച്ചു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിലാണ് ഇന്ത്യൻ ടീം ഈ നിലപാട് സ്വീകരിച്ചത്. ആദ്യ മൽസരത്തിന് ശേഷം വിജയം ഇന്ത്യൻ സൈനികർക്കാണ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് സമർപ്പിച്ചത്.
ഇന്ത്യക്കെതിരായ മൽസരത്തിൽ അർധസെഞ്ചുറി നേടിയ ശേഷം സാഹിബ്‌സദ ഫർഹാൻ ബാറ്റുമായി വെടിവയ്‌പ്പ് ആംഗ്യം കാണിച്ചതും പാക്ക് താരം ഹാരീസ്റൗഫ് എയ്‌റോപ്ളെയർ ആംഗ്യം കാണിച്ചതും വിവാദമായിരുന്നു. സൂര്യകുമാറിനും ഹാരീസിനും അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ പിഴ ചുമത്തുകയും ചെയ്‌തു.
സമ്മാനദാന ചടങ്ങിൽ വ്യക്‌തിഗത പുരസ്‌കാരങ്ങൾ മാത്രമാണ് ഇന്ത്യൻ താരങ്ങൾ സ്വീകരിച്ചത്. അത് നഖ്‌വിയായിരുന്നില്ല വിതരണം ചെയ്‌തത്. ആവേശം അവസാന ഓവർ വരെ നീണ്ട കലാശപ്പോരിൽ പാക്കിസ്‌ഥാനെതിരെ പൊരുതി നേടിയ വിജയത്തോടെയാണ് ഏഷ്യാ കപ്പ് കിരീടത്തിൽ ഒമ്പതാം തവണയും ഇന്ത്യ മുത്തമിട്ടത്.
പാക്കിസ്‌ഥാൻ ഉയർത്തിയ 147 റൺസ് വിജയലക്ഷ്യം, 19.4 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്‌ടത്തിലാണ് ഇന്ത്യ മറികടന്നത്. അഞ്ചുവിക്കറ്റിന്റെ തകർപ്പൻ ജയമാണ് ഇന്ത്യയുടേത്. തുടക്കം ഒന്ന് പതറിയെങ്കിലും തകർച്ചയിൽ നിന്ന് കരകയറ്റിയത് തിലകും സഞ്‌ജുവാണ്. പിന്നീട് തിലകും ദുബൈയും ചേർന്ന് വിജയത്തിലേക്ക് അടുപ്പിച്ചു. ഒടുക്കം ടൂർണമെന്റിൽ നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി റിങ്കു സിങ് ഇന്ത്യയുടെ വിജയറൺ നേടി.
തിലക് വർമയാണ് പ്ളെയർ ഓഫ് മാച്ച്. ടൂർണമെന്റിൽ 17 വിക്കറ്റ് വീഴ്‌ത്തിയ കുൽദീപ് യാദവ് പ്ളെയർ ഓഫ് ദ് ടൂർണമെന്റായി. മറുപടി ബാറ്റിങ്ങിൽ, പവർ പ്ളേയിൽ തന്നെ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകൾ നഷ്‌ടമായിരുന്നു. ടൂർണമെന്റിൽ ഉടനീളം ഉജ്വല ഫോമിലായിരുന്ന അഭിഷേക് ശർമ (5), ഇതുവരെ ഫോമിലെത്താത്ത ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (1), ഓപ്പണർ ശുഭ്‌മാൻ ഗിൽ (12) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് പവർ പ്ളേയിൽ നഷ്‌ടമായത്.
Most Read| 70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി