ന്യൂഡെൽഹി: അതിർത്തിയോട് ചേർന്ന് ടിബറ്റിൽ ബ്രഹ്‌മപുത്ര നദിക്ക് കുറുകെ ഭീമൻ അണക്കെട്ട് നിർമിക്കുന്ന ചൈനയുടെ ഭീഷണിയെ മറികടക്കാൻ ബ്രഹ്‌മപുത്രയിൽ മറ്റൊരു കൂറ്റൻ അണക്കെട്ട് നിർമിക്കാനുള്ള നീക്കത്തിൽ കേന്ദ്ര സർക്കാർ. അരുണാചൽ പ്രദേശിലെ ദിബാങ്ങിലാകും പുതിയ അണക്കെട്ട് നിർമിക്കുക.
കേന്ദ്ര പൊതുമേഖലാ സ്‌ഥാപനമായ നാഷണൽ ഹൈഡ്രോ ഇലക്‌ട്രിക് പവർ കോർപ്പറേഷൻ- എൻഎച്ച്പിസി ആണ് അണക്കെട്ട് നിർമിക്കുക. ഇതിനായി 17,069 എസ്‌റ്റിമേറ്റ് തയ്യാറാക്കി ആഗോള ടെൻഡർ വിളിച്ചു. ദിബാങ്ങിലെ അണക്കെട്ടിന് 278 മീറ്റർ ഉയരമുണ്ടാകും. ഇന്ത്യയിൽ ഏറ്റവും ഉയരമുള്ള അണക്കെട്ട് എന്ന റെക്കോർഡും ഇതിന് സ്വന്തമാകും.
ചൈനീസ് ഭാഗത്തുള്ള അണക്കെട്ടിൽ നിന്ന് തുറന്നുവിടുന്ന അധികജലത്തെ തടഞ്ഞുനിർത്തി നിയന്ത്രിതമായി നദിയിലേക്ക് ഒഴുക്കിവിടുന്നതിന് വേണ്ടിയാണ് അണക്കെട്ട് നിർമിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അണക്കെട്ടിന്റെ നിർമാണം 2032ൽ പൂർത്തിയാക്കാനാണ് ഉദ്ദെശിക്കുന്നത്. 2880 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാവുന്ന വൈദ്യുത പദ്ധതിയുടെ ഭാഗമാണ് അണക്കെട്ട്.
കഴിഞ്ഞവർഷം പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രി തറക്കല്ല് ഇട്ടിരുന്നെങ്കിലും പിന്നീട് ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുകയായിരുന്നു. കഴിഞ്ഞ ജൂലൈയിൽ ടിബറ്റിൻ ബ്രഹ്‌മപുതയ്‌ക്ക് കുറുകെ ഭീമൻ അണക്കെട്ട് നിർമിക്കുമെന്ന് ചൈന പ്രഖ്യാപിച്ചതോടെയാണ് ദിബാങ്ങിലെ വൈദ്യുത പദ്ധതിക്ക് പെട്ടെന്ന് വേഗം വർധിച്ചത്.
ചൈനയുടെ നടപടി ഇന്ത്യക്ക് വലിയ ഭീഷണിയാണ്. അണക്കെട്ടിലെ വെള്ളം മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടാൽ വടക്കുകിഴക്കൻ സംസ്‌ഥാനങ്ങളിലൂടെ കടന്നുപോകുന്ന ബ്രഹ്‌മപുത്രയുടെ തീരങ്ങളിൽ വലിയ വെള്ളപ്പൊക്കവും കെടുതികളുമാകും ഉണ്ടാവുക.
Most Read| തറയ്‌ക്കടിയിൽ നിന്ന് രക്‌തസമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!