ന്യൂഡെൽഹി: വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി യാത്രക്കാരെ പെരുവഴിയിലാക്കിയ ഇൻഡിഗോയ്‌ക്കെതിരെ കടുത്ത നടപടിയുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം. ഇൻഡിഗോയുടെ കുത്തക ഒഴിവാക്കാനാണ് സർക്കാർ നീക്കം.
കമ്പനിയുടെ ശൈത്യകാല സർവീസുകൾ വെട്ടിച്ചുരുക്കി മറ്റു കമ്പനികൾക്ക് നൽകുമെന്ന് വ്യോമയാന മന്ത്രി കെ. റാം മോഹൻ നായിഡു വ്യക്‌തമാക്കി. പത്തു ശതമാനം സർവീസുകൾ മറ്റു എയർലൈൻസുകൾക്ക് കൈമാറാനാണ് നീക്കം. ആദ്യം അഞ്ചുശതമാനത്തിൽ തുടങ്ങി ആവശ്യമെങ്കിൽ തുടർന്നുള്ള ദിവസങ്ങളിൽ വീണ്ടും അഞ്ചുശതമാനം എന്ന ക്രമത്തിൽ ഷെഡ്യൂൾ വെട്ടിച്ചുരുക്കാനാണ് സർക്കാർ നീക്കം.
സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഉന്നതതല യോഗം മന്ത്രാലയം വിളിച്ചിരുന്നു. ഈ യോഗത്തിന് ശേഷമാണ് ഇൻഡിഗോയുടെ സർവീസുകൾ വെട്ടിക്കുറയ്‌ക്കാൻ തീരുമാനിച്ചത്. മാത്രമല്ല, ഭാവിയിൽ ഇത്തരത്തിലുള്ള പ്രശ്‌നം ആവർത്തിക്കാതിരിക്കാനുള്ള കർശന നടപടിയെടുക്കാനും തീരുമാനമായിട്ടുണ്ട്.
ഇന്ന് രാവിലെ വരെ ലഖ്‌നൗവിലേക്കും തിരിച്ചുമുള്ള 26 ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കി. ബെംഗളൂരു- 121, ചെന്നൈ- 81, ഹൈദരാബാദ്- 58, അഹമ്മദാബാദ്- 16 എന്നിങ്ങനെയാണ് റദ്ദാക്കിയ മറ്റ് വിമാനങ്ങളുടെ കണക്ക്. വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്ന 9000ത്തോളം യാത്രാ ബാഗുകളിൽ 6000ത്തോളം ബാഗുകൾ യാത്രക്കാരുടെ കൈകളിലെത്തിയെന്നും ബാക്കിയുള്ളവ ഉടൻ എത്തിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
ഡിസംബർ ഒന്നുമുതൽ എട്ടുവരെ റദ്ദാക്കിയ 730655 പിഎൻആറുകൾക്ക് പണം തിരിച്ചുനൽകാനുള്ള നടപടിക്രമങ്ങൾ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. യാത്രാപ്രതിസന്ധിയുമായി മന്ത്രാലയം ഇന്നും യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിൽ എങ്ങനെയാണ് ഇൻഡിഗോ സർവീസുകൾ പൂർണതോതിൽ പഴയപടിയാക്കുക എന്നതും അതിനുള്ള എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്നും വിലയിരുത്തും.
Most Read| ഈ പോത്തിന്റെ വില കേട്ടാൽ ഞെട്ടും; പത്ത് ബെൻസ് വാങ്ങിക്കാം!







































