ന്യൂഡെൽഹി: ഇൻഡിഗോ വിമാന സർവീസുകൾ ഇന്നും കൂട്ടത്തോടെ റദ്ദാക്കും. ഇന്നലെ രാത്രി കൊച്ചിയിൽ നിന്നും ഹൈദരാബാദിലേക്ക് പുറപ്പെടേണ്ട വിമാനത്തിലെ യാത്രക്കാർക്ക് ഇന്ന് പുലർച്ചെയാണ് വിമാനം റദ്ദാക്കി എന്ന വിവരം ലഭിച്ചത്. ഇതോടെ യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. ഇൻഡിഗോ ജീവനക്കാരെ തടഞ്ഞുവെച്ചായിരുന്നു പ്രതിഷേധം.
വിമാന സർവീസുകൾ ഇനിയും വെട്ടികുറയ്‌ക്കുമെന്നാണ് ഇൻഡിഗോ അറിയിച്ചിരിക്കുന്നത്. സാധാരണ നിലയിലെത്താൻ രണ്ടുമാസം സമയമെടുക്കുമെന്ന് അറിയിച്ച കമ്പനി, യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്‌തു. സ്‌ഥിതി മെച്ചപ്പെടുത്താൻ ശ്രമം തുടരുകയാണെന്നും കമ്പനി അറിയിച്ചു. 550ലധികം സർവീസുകളാണ് ഇൻഡിഗോ ഇന്നലെ റദ്ദാക്കിയത്.
20 വർഷ ഇൻഡിഗോയുടെ ചരിത്രത്തിൽ ഇത്രയധികം വിമാനങ്ങൾ റദ്ദാക്കുന്നത് ഇതാദ്യമായാണ്. പ്രതിദിനം ഏകദേശം 2300 വിമാനങ്ങളാണ് ഇൻഡിഗോ സർവീസ് നടത്തുന്നത്. ഇതിൽ 19.7 ശതമാനം വിമാനങ്ങൾ മാത്രമാണ് ബുധനാഴ്‌ച കൃത്യസമയത്ത് പറന്നത്. സിവിൽ ഏവിയേഷൻ മന്ത്രാലയവും ഡിജിസിഎയും മുതിർന്ന ഇൻഡിഗോ ഉദ്യോഗസ്‌ഥരുമായി ബന്ധപ്പെട്ട് പ്രശ്‌നം പരിഹരിക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണ്.
പൈലറ്റുമാർക്ക് വിശ്രമം ഉറപ്പാക്കാൻ ഡിജിസിഎ ഏർപ്പെടുത്തിയ ഫ്‌ളൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ നടപ്പാക്കുന്നതിലെ വീഴ്‌ചയാണ് സർവീസുകൾ താളംതെറ്റാൻ കാരണം. കോഴിക്കോട്ടേക്കുള്ള യാത്രക്കാർ ഇന്നലെ 11 മണിക്കൂറിലധികമാണ് ബെംഗളൂരു വിമാനത്താവളത്തിൽ കുടുങ്ങിയത്. തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള വിമാനങ്ങൾ അഞ്ചുമണിക്കൂറോളം വൈകിയതും യാത്രക്കാരെ വലച്ചു.
തടസം ഒഴിവാക്കാൻ ഈമാസം എട്ടുമുതൽ സർവീസുകളുടെ എണ്ണം വെട്ടിക്കുറയ്‌ക്കും. ഇതോടെ ക്രിസ്‌മസ് അവധിക്കാലത്ത് രാജ്യത്ത് യാത്രാക്ളേശം രൂക്ഷമായേക്കും. നിരക്ക് ഉയരാനും സാധ്യതയുണ്ട്. രാത്രി ഡ്യൂട്ടിയുമായി ബന്ധപ്പെട്ട ഡിജിസിഎ ചട്ടത്തിൽ ഫെബ്രുവരി വരെ ഇളവ് നൽകണമെന്ന് കമ്പനി ഡിജിസിഎയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Most Read| ആഗോള ജീവിതനിലവാര സൂചികയിൽ ചരിത്രനേട്ടം കുറിച്ച് ഒമാൻ







































