ന്യൂഡെൽഹി: ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ഇന്നും നാളെയും സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. പ്രധാന ദീർഘദൂര റൂട്ടുകളിലാണ് ട്രെയിൻ സർവീസുകൾ നടത്തുക. മറ്റു വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തിയത് കണക്കിലെടുത്താണ് റെയിൽവേയുടെ തീരുമാനം.
ഡിസംബർ അഞ്ചുമുതൽ 13 വരെ ആയിരിക്കും പ്രത്യേക ട്രെയിനുകൾ ഒരുക്കുക. 37 ട്രെയിനുകളിലായി 116 അധിക കോച്ചുകളും വിന്യസിച്ചിട്ടുണ്ട്. 30 സ്‌പെഷ്യൽ ട്രെയിനുകൾകൂടി ഒരുക്കാനാണ് ആലോചന. 18 കോച്ചുകളുള്ള ഏകദേശം 30 പുതിയ ട്രെയിനുകൾ അടുത്ത രണ്ടു ദിവസങ്ങളിൽ സർവീസ് ആരംഭിക്കുമെന്നാണ് വൃത്തങ്ങൾ പറയുന്നത്.
വിഷയത്തിൽ വ്യോമയാന മന്ത്രാലയത്തിന്റെ അന്വേഷണം ഉന്നമിടുന്നത് ഇൻഡിഗോ കമ്പനിയുടെ കൃത്യവിലോപത്തിലേക്ക് ആണെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞമാസം നൽകിയ ഉത്തരവ് നടപ്പാക്കാത്തത് ഗുരുതരമായ വീഴ്‌ചയാണെന്നും പ്രതിസന്ധി സംബന്ധിച്ച ഒരു മുന്നറിയിപ്പും വ്യോമസേന മന്ത്രാലയത്തിന് നൽകിയില്ല എന്നുമാണ് വിവരം.
എന്നാൽ, എയർഇന്ത്യ അടക്കം മറ്റ് വിമാനക്കമ്പനികൾ ഡിജിസിഎ നിർദ്ദേശം പാലിച്ചിട്ടുണ്ട്. വിമാന സർവീസുകൾ നിർത്തിയതിനെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാർ കുടുങ്ങി കിടക്കുകയാണ്. നിരവധി വിമാനങ്ങൾ റദ്ദാക്കിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ചില വിമാനങ്ങൾ വൈകുന്നുമുണ്ട്.
എന്നാൽ, കൃത്യമായ വിവരങ്ങൾ ഇൻഡിഗോ നൽകിയിട്ടില്ല. വിദേശത്തേക്ക് പോകേണ്ടിവരും ശബരിമല തീർഥാടകരും അടക്കം വിമാനത്താവളത്തിന് പുറത്ത് കാത്തിരിക്കുകയാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് രാവിലെ ഒമ്പത് മണിക്ക് പുറപ്പെടേണ്ട കൊച്ചി ബെംഗളൂരു ഇൻഡിഗോ റദ്ദാക്കിയിട്ടുണ്ട്.
9.30ന് പുറപ്പെടേണ്ട കൊച്ചി ഹൈദരാബാദ് ഇൻഡിഗോയും റദ്ദാക്കി. കൂടാതെ കൊച്ചി-ജമ്മു ഇൻഡിഗോ വിമാനം റദ്ദാക്കി. രാവിലെ 10.30നുള്ള കൊച്ചി-മുംബൈ ഇൻഡിഗോ വൈകും. അതുപോലെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട അഞ്ചു ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ആകെ ഒമ്പത് ആഭ്യന്തര സർവീസുകൾ തടസപ്പെട്ടു. രാത്രി പുറപ്പെടേണ്ട ഷാർജ വിമാനവും വൈകി മാത്രമേ സർവീസ് നടത്തൂ.
Most Read| പീഡനശ്രമത്തിൽ നിന്ന് യുവതിയെ രക്ഷിച്ച് യുവാവ്; ‘ഹീറോ ഹംസ’ക്ക് ലോകത്തിന്റെ കൈയ്യടി








































