ഭിക്ഷയെടുത്ത് കോടികൾ സമ്പാദിച്ച യാചകരെ കുറിച്ച് കേട്ടിട്ടുണ്ടോ? അങ്ങനെയൊരാളുണ്ട് ഇൻഡോറിൽ. ‘ഭിക്ഷാടകരില്ലാത്ത ഇൻഡോർ’ പദ്ധതിയുടെ ഭാഗമായിട്ടാണ് നഗരത്തിൽ ഭിക്ഷയാചിച്ചിരുന്ന മൻകിലാൽ എന്നയാളെ ഉദ്യോഗസ്ഥർ പുനരധിവാസ കേന്ദ്രത്തിൽ എത്തിച്ചത്.
ഇവിടെയെത്തി ഉദ്യോഗസ്ഥരോട് സംസാരിക്കവെയാണ് മൻകിലാൽ തന്റെ സമ്പാദ്യത്തെ കുറിച്ച് വെളിപ്പെടുത്തിയതും ഉദ്യോഗസ്ഥരുടെ കണ്ണുതള്ളിയതും. വർഷങ്ങളായി ദിവസവും ആയിരങ്ങൾ സമ്പാദിച്ചിരുന്ന മൻകിലാൽ ജീവിതകാലത്തെ സമ്പാദ്യം മുഴുവൻ കൂട്ടിവെച്ച് നേടിയത് കോടികൾ വിലമതിക്കുന്ന കെട്ടിടങ്ങളാണ്.
മധ്യപ്രദേശിലെ ഭഗത്സിങ് നഗറിൽ മൂന്നുനിലയുള്ള വീടും, ശിവ് നഗറിൽ 600 ചതുരശ്ര അടി വിസ്തീർണമുള്ള വീടും ഒരു ഫ്ളാറ്റും തനിക്കുള്ളതായി മൻകിലാൽ വെളിപ്പെടുത്തി. ഇതിന് പുറമെ ഇദ്ദേഹത്തിന്റെ മൂന്ന് ഓട്ടോറിക്ഷകൾ നഗരത്തിൽ വാടകയ്ക്ക് ഓടുന്നുണ്ട്. സെഡാൻ കാറുമുണ്ട്. ഇതിലാണ് പലപ്പോഴും മൻകിലാൽ ഭിക്ഷയാചിക്കാൻ എത്താറുള്ളത്.
ശാരീരിക വൈകല്യമുള്ളതിനാൽ വാഹനം ഓടിക്കാൻ ഡ്രൈവറെയും നിയമിച്ചിട്ടുണ്ട്. ഇതിനുപുറമെ പലിശയ്ക്ക് വായ്പ നൽകിയും പണം സമ്പാദിക്കുന്നു. ഭിന്നശേഷിക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്തിയാണ് മൻകിലാൽ ഒരു വീട് സ്വന്തമാക്കിയത്. പിഎംഎവൈ പദ്ധതി പ്രകാരമാണ് ഇത് ലഭിച്ചത്. മൻകിലാലിന്റെ സമ്പാദ്യത്തെ കുറിച്ച് അന്വേഷിക്കാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചിട്ടുണ്ട്.
Most Read| ശബരിമല വിമാനത്താവളം; ചെറുവള്ളി എസ്റ്റേറ്റിൽ സർക്കാരിന് അവകാശമില്ല






































