അഭിനയരംഗത്ത് സജീവമായി നിൽക്കുന്ന ദമ്പതികളായ ഇന്ദ്രജിത്തും പൂർണിമയും ഒന്നിച്ചഭിനയിക്കുന്ന ചിത്രംവരുന്നതായി സൂചന. ഇടക്കാലത്ത് അഭിനയരംഗത്തു നിന്നും മാറി നിന്ന പൂർണിമ അവതാരകയായും, ടിവി പ്രോഗ്രാമുകളിലുമൊക്കെയായി ഏറെ സജീവമായി സാന്നിധ്യമറിയിച്ചിരുന്നു.
വിവാഹത്തിന് ശേഷം ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ചിത്രമെന്ന രീതിയിലാണ് ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റർ നൽകുന്ന സൂചന. ‘ഒരു കട്ടിൽ ഒരു മുറി’ (Oru Kattil Oru Muri) എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററാണ് ആരാധകരിൽ ഈ സംശയത്തിനു വഴിവച്ചിരിക്കുന്നത്. ഇരുണ്ട മുറിയിലെ ഭിത്തിയിൽ ഇന്ദ്രജിത്തിന്റെയും പൂർണിമയുടേയും വിവാഹ ഫോട്ടോ തൂങ്ങിക്കിടക്കുന്നതാണ് പോസ്റ്റർ.
ഇതോടെയാണ് സിനിമയിൽ ഇവർ ദമ്പതികളായി തന്നെ എത്തുന്ന എന്ന സംശയം പ്രേക്ഷകരിലും ഉടലെടുത്തത്. അതേസമയം, ഇതൊരു വിപണന തന്ത്രം ആണെന്നും ചിത്രത്തിൽ മറ്റൊരാൾ അവതരിപ്പിക്കുന്ന കഥാപാത്രം ആരാധിക്കുന്ന മാതൃകാ ദമ്പതികളുടെ ചിത്രമാണ് ചുവരിൽ തൂക്കിയിരിക്കുന്നതെന്ന മറുവാദവും ഉയരുന്നുണ്ട്.
പൂർണിമ കേന്ദ്ര കഥാപാത്രമാകുന്ന ഈ സിനിമയിൽ ഇന്ദ്രജിത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് ഇതുവരെ അണിയറ പ്രവര്‍ത്തകരും വെളിപ്പെടുത്തിയിട്ടില്ല. ഹക്കിം ഷാ, പ്രിയംവദകൃഷ്ണൻ എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഷമ്മി തിലകൻ, വിജയരാഘവൻ, രഘുനാഥ് പലേരി, ജനാർദ്ദനൻ, ഗണപതി, തുഷാരപിള്ള, വിജയകുമാർ പ്രഭാകരൻ, ഉണ്ണിരാജാ ഹരിശങ്കർ, രാജീവ് വി.തോമസ്, ലിബിൻ ഗോപിനാഥ്, ദേവരാജൻ കോഴിക്കോട് തുടങ്ങിയ അഭിനേതാക്കൾ വേഷമിടുന്നുണ്ട്.
NATIONAL | ഡെൽഹിയിൽ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ







































