കൊച്ചി: എറണാകുളം പനമ്പള്ളി നഗറിലെ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. സമീപത്തുള്ള ഫ്‌ളാറ്റിൽ നിന്ന് കുഞ്ഞിനെ ഒരു പായ്‌ക്കറ്റിലാക്കി വലിച്ചെറിഞ്ഞ് കൊന്നതാണെന്ന് പോലീസ് പറഞ്ഞു. കൊച്ചിയിലെ പനമ്പള്ളി നഗറിലെ വിദ്യനഗറിൽ ആണ് അതിദാരുണമായ സംഭവം നടന്നത്. ആൺ കുഞ്ഞിന്റേതാണ് മൃതദേഹമെന്ന് പോലീസ് സ്‌ഥിരീകരിച്ചു.
ഇന്ന് രാവിലെ 8.15 ഓടെയാണ് സംഭവം. പോലീസ് സ്‌ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ ശേഖരിച്ചു. സമീപത്തുള്ള ഫ്‌ളാറ്റിൽ നിന്ന് ഒരു പൊതി റോഡിലേക്ക് വന്നു വീഴുന്നതാണ് സിസിടിവി ദൃശ്യങ്ങളിൽ ഉള്ളത്. റോഡിലേക്ക് എന്തോ വന്നു വീണത് കണ്ട് എത്തിയവർ കണ്ടത് ചോരയിൽ കുളിച്ചു കിടക്കുന്ന കുഞ്ഞിനെയാണ്.
തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ആരാണ് കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞതെന്ന് കണ്ടെത്താനുള്ള അന്വേഷണം പോലീസ് ആരംഭിച്ചു. 21 ഫ്‌ളാറ്റുകളാണ് പ്രദേശത്ത് ആകെയുള്ളത്. ഇതിൽ മൂന്നെണ്ണം ഒഴിഞ്ഞു കിടക്കുകയാണ്. അവിടെ താമസക്കാരൊന്നും ഇല്ലായിരുന്നുവെന്നാണ് സമീപത്തുള്ളവർ പറയുന്നത്. ആരെങ്കിലും അവിടേക്ക് ഈ ദിവസങ്ങളിൽ വന്നിട്ടുണ്ടോയെന്നും ജോലിക്കാർ ആരെങ്കിലും അവിടെ ഉണ്ടായിരുന്നോവെന്നും പോലീസ് അന്വേഷിച്ച് വരികയാണ്.
Most Read| ഒടുവിൽ തീരുമാനം; റായ്‌ബറേലിയിൽ രാഹുൽ, അമേഠിയിൽ കെഎൽ ശർമ