കാസർഗോഡ്: സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ ചിന്നു പാപ്പു എന്നറിയപ്പെടുന്ന കെ. രേഷ്‌മയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്. ചിന്നുവിന്റെ ആൺസുഹൃത്തിനെ ചോദ്യം ചെയ്‌തെങ്കിലും സംശയാസ്‌പദമായി ഒന്നും കണ്ടെത്താനായില്ല. ഇയാളെ വിട്ടയച്ചു.
അതേസമയം, അന്വേഷണം തുടരുമെന്ന് പോലീസ് അറിയിച്ചു. തിങ്കളാഴ്‌ച ഉച്ചതിരിഞ്ഞ് ഒന്നരയോടെയാണ് ചിന്നുവിനെ കുഡ്‌ലു ആസാദ് നഗറിലെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ബെഡ് ഷീറ്റ് മുറുകിയതിനെ തുടർന്ന് ശ്വാസംമുട്ടിയാണ് മരണമെന്നാണ് പോസ്‌റ്റുമോർട്ടം പ്രാഥമിക റിപ്പോർട്. സംഭവത്തിന് പിന്നാലെ ആൺസുഹൃത്തിനെ ചോദ്യം ചെയ്യുകയായിരുന്നു.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയതോടെയാണ് അന്വേഷണം വ്യാപിപ്പിച്ചത്. ഭർത്താവുമായി അകന്നു കഴിയുന്ന ചിന്നു വാടക വീട്ടിലായിരുന്നു താമസം. മരണത്തിന് പിന്നിൽ ആദ്യ ഭർത്താവിന് പങ്കുണ്ടോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിക്കുന്നുണ്ട്. ചിന്നുവിന്റെ ഫോൺ വിദഗ്‌ധ പരിശോധനയ്‌ക്ക് വിധേയമാക്കും.
അഞ്ചുവർഷം മുമ്പാണ് ചിന്നു പ്രണയിച്ച് വിവാഹം കഴിച്ചത്. ദാമ്പത്യ പ്രശ്‌നത്തെ തുടർന്ന് ഒരുവർഷം മുൻപ് ഭർത്താവുമായി അകന്നു. ഈ ബന്ധത്തിൽ നാലുവയസുള്ള മകനുണ്ട്. ചിന്നുവിന്റെ മാതാപിതാക്കൾക്കൊപ്പം ആദൂരിലാണ് കുട്ടി താമസിക്കുന്നത്. ഏറെക്കാലമായി സാമൂഹിക മാദ്ധ്യമങ്ങളിൽ സജീവമാണ് ചിന്നു.
ഇൻസ്‌റ്റാഗ്രാമിൽ രണ്ടുലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്. കാസർഗോഡ് ഭാഷയിലാണ് വീഡിയോകൾ അവതരിപ്പിച്ചിരുന്നത്. പാചക, യാത്രാ വീഡിയോകളാണ് ഏറെയും. പ്രമോഷൻ വീഡിയോകളും ചെയ്‌തിരുന്നു.
Most Read| പാമ്പുകൾക്ക് സ്വൈര്യവിഹാരം, വീടുകളിൽ കയറിയിറങ്ങും, ആർക്കും പേടിയില്ല!


































