കാസർഗോഡ്: സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കാസർഗോഡ് ഡിസിസിയിൽ തമ്മിലടി. ഡിസിസി വൈസ് പ്രസിഡണ്ട് ജെയിംസ് പന്തമാക്കനും കോൺഗ്രസിന്റെ കർഷക സംഘടനയായ ഡികെടിഎഫ് ജില്ലാ പ്രസിഡണ്ട് വാസുദേവനും തമ്മിലാണ് ഏറ്റുമുട്ടിയത്. ആദ്യം സാമൂഹിക മാദ്ധ്യമങ്ങളിലായിരുന്നു തർക്കമുണ്ടായത്. പിന്നീട് യോഗത്തിലും അടിപിടിയുണ്ടായി.
ഈസ്‌റ്റ് എളേരി പഞ്ചായത്തിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായതും അടിപിടിയിൽ കലാശിച്ചതും. ഷർട്ടിൽ പിടിച്ച് മൂക്കിലിടിക്കുന്നതിന്റെയും ചവിട്ടുന്നതിന്റെയുമെല്ലാം വീഡിയോ പ്രചരിച്ചു. ജെയിംസ് പന്തമാക്കൻ കോൺഗ്രസ് വിട്ട് ഡിഡിഎഫ് എന്ന സംഘടന ഉണ്ടാക്കിയിരുന്നു.
പിന്നീട് ചർച്ചകൾ നടത്തി ജെയിംസ് ഉൾപ്പടെ ഏഴുപേർ കഴിഞ്ഞവർഷം കോൺഗ്രസിലേക്ക് തിരിച്ചെത്തി. അന്ന് തിരിച്ചെത്തിയ ഏഴ് പേർക്കും ഈസ്‌റ്റ് എളേരി പഞ്ചായത്തിൽ സീറ്റ് നൽകണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ, എല്ലാവർക്കും സീറ്റ് നൽകാൻ സാധിക്കില്ലെന്ന് കോൺഗ്രസ് നിലപാടെടുത്തു. ഒടുവിൽ 5 സീറ്റ് നൽകാമെന്ന് ഇന്നലെ രാത്രി നടത്തിയ ചർച്ചയിൽ തീരുമാനമായി.
അതിന് ശേഷം സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ഡിസിസി പ്രസിഡണ്ട് പികെ ഫൈസൽ ഉൾപ്പടെയുള്ള നേതാക്കൾക്കെതിരെ ആക്ഷേപങ്ങൾ ഉണ്ടായി. ഇതോടെ രണ്ട് സീറ്റുകൾ നൽകിയാൽ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. ഇന്ന് വീണ്ടും യോഗത്തിന് എത്തിയപ്പോഴാണ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് നേതാക്കൻമാർ ഏറ്റുമുട്ടിയത്.
Most Read| ശബരിമല സ്വർണക്കൊള്ള; എ. പത്‌മകുമാർ അറസ്‌റ്റിൽ, കേസിൽ എട്ടാം പ്രതി





































