തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി ജെഎസ് സിദ്ധാർഥന്റെ മരണത്തെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകൾ. ഹൈക്കോടതി മുൻ ജഡ്‌ജി ജസ്‌റ്റിസ് ഹരിപ്രസാദ് ആണ് അന്വേഷണ റിപ്പോർട് ഇന്ന് രാവിലെ രാജ്ഭവനിലെത്തി ഗവർണർക്ക് കൈമാറിയത്.
സിദ്ധാർഥന്റെ മരണത്തിൽ സർവകലാശാല മുൻ വിസിക്കും ഡീനിനും വാർഡർമാർക്കും ഗുരുതര വീഴ്‌ച സംഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നു. സിദ്ധാർഥനെ മർദ്ദിക്കുന്ന വിവരമറിഞ്ഞിട്ടും തടയാനോ വേണ്ട ചികിൽസ നൽകാനോ അധികൃതർ തയ്യാറായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാമ്പസിൽ ആരാജകത്വമാണെന്നും കമ്മീഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ക്യാമ്പസിൽ അച്ചടക്കം നിലനിർത്തുന്നതിൽ വലിയ വീഴ്‌ച സംഭവിച്ചു. സീനിയർ വിദ്യാർഥികളാണ് ക്യാമ്പസ് ഭരിക്കുന്നത്. ഹോസ്‌റ്റൽ നിയന്ത്രിക്കുന്നതും ഇവരാണ്. ഡീനും അസി. വാർഡനും ഗുരുതരമായി വീഴ്‌ച വരുത്തി. മർദ്ദനവിവരം അസി. വാർഡനെ മറ്റു കുട്ടികൾ അറിയിച്ചിരുന്നു. എന്നാൽ, സംഭവം അറിഞ്ഞിട്ടും അസി. വാർഡൻ നടപടി എടുക്കാനോ ചികിൽസ നൽകാനോ തയ്യാറായില്ല.
സിദ്ധാർഥന്റെ മരണത്തിന് മുമ്പും ക്യാമ്പസിൽ റാഗിങ് ഉണ്ടായിട്ടുണ്ട്. മുൻ വിസിക്കും ഡീനിനും അധ്യാപകർക്കുമിടയിൽ സഹകരണം ഉണ്ടായിരുന്നില്ല. അസി. വാർഡൻമാരെ ഉത്തരവാദിത്തം ഏൽപ്പിച്ചു ഡീൻ മാറിനിന്നു. സിദ്ധാർഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ വാർഡൻ പോലീസ് എത്താൻ കാത്തുനിന്നില്ല. ഒരു വിദ്യാർഥി സംഘടന കുറ്റക്കാരെ സംരക്ഷിച്ചു. ഇതിന് പുറത്തുനിന്നും ശക്‌തമായ പിന്തുണ ലഭിച്ചെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
രണ്ടാംവർഷ വിദ്യാർഥി സിദ്ധാർഥനെ ഫെബ്രുവരി 18നാണ് ഹോസ്‌റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികൾ പരസ്യവിചാരണ നടത്തുകയും മർദ്ദിക്കുകയും ചെയ്‌തതിനെ തുടർന്ന് സിദ്ധാർഥൻ ആത്‍മഹത്യ ചെയ്യുകയായിരുന്നു എന്നാണ് കേസ്. മാർച്ചിലാണ് ചാൻസലർ കൂടിയായ ഗവർണർ, ഹൈക്കോടതി മുൻ ജഡ്‌ജി ജസ്‌റ്റിസ് ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷനെ നിയമിച്ചത്. മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട് സമർപ്പിക്കാനായിരുന്നു നിർദ്ദേശം.
Most Read| ചന്ദ്രനിൽ വാസയോഗ്യമായ ഗുഹയുണ്ടെന്ന് സ്‌ഥിരീകരണം