ബെംഗളൂരു: ബെംഗളൂരുവിൽ ചിട്ടിക്കമ്പനി നടത്തി കോടിക്കണക്കിന് രൂപയുമായി മുങ്ങിയ മലയാളി ദമ്പതികൾ കെനിയയിലേക്ക് കടന്നതായി പോലീസ്. ബെംഗളൂരു രാമമൂർത്തി നഗറിൽ എ ആൻഡ് എ ചിറ്റ് ഫണ്ട് ആൻഡ് ഫൈനാൻസ് നടത്തിയ ആലപ്പുഴ രാമങ്കരി സ്വദേശി എവി ടോമി, ഭാര്യ ഷൈനി ടോമി എന്നിവരാണ് കെനിയയിലേക്ക് കടന്നത്.
കഴിഞ്ഞ വ്യാഴാഴ്‌ച മുംബൈ വഴി ടൂറിസ്‌റ്റ് വിസയിലാണ് ഇവർ പോയത്. ഇവർക്കായുള്ള ലുക്ക്ഔട്ട് നോട്ടീസ് പോലീസ് ഉടൻ പുറപ്പെടുവിക്കും. കൂടെ ആരെങ്കിലും പോയിട്ടുണ്ടോ എന്നറിയാൻ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും നീക്കം നടത്തുന്നുണ്ട്. കഴിഞ്ഞ ബുധനാഴ്‌ചയാണ് ഇരുവരും ബെംഗളൂരുവിൽ നിന്ന് മുങ്ങിയത്.
ടോമിയുടെ ഫോൺ എറണാകുളത്ത് വെച്ച് സ്വിച്ച് ഓഫ് ആയതായി കണ്ടെത്തിയിരുന്നു. ഇതോടെ അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിച്ചിരുന്നു. അതിനിടെ, പണം നഷ്‌ടപ്പെട്ടതിനെ തുടർന്ന് ഇന്നലെ വൈകീട്ട് വരെ പോലീസിൽ പരാതി നൽകിയവരുടെ എണ്ണം 410 ആയി. ഇതിൽ ഒന്നരക്കോടി വരെ സ്‌ഥിര നിക്ഷേപമുള്ളവരും ഉണ്ട്. ആയിരത്തോളം അംഗങ്ങൾ ചിട്ടി കമ്പനിയിൽ ഉള്ളതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ പരാതികൾ വന്നേക്കും.
100 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സ്വദേശമായ കുട്ടനാട് രാമങ്കരിയിൽ ഡിവൈഎഫ്‌ഐയുടെ സജീവ പ്രവർത്തകനായിരുന്ന ടോമി, വർഷങ്ങൾക്ക് മുമ്പാണ് ബെംഗളൂരുവിൽ എത്തിയത്. ബിസിനസ് നടത്തുകയാണെന്നാണ് നാട്ടിലുള്ളവരെ അറിയിച്ചത്. മകളുടെ ആദ്യ കുർബാനയ്‌ക്കായി രണ്ടുവർഷം മുൻപ് ദമ്പതികൾ നാട്ടിലെത്തിയിരുന്നു.
പണം നഷ്‌ടമായവരിൽ കൂടുതൽപ്പേർ മലയാളികളാണ്. മലയാളി സംഘടനകളുമായി ബന്ധപ്പെട്ട് അവരുടെ വിശ്വാസം നേടിയെടുത്തതിനാലാണ് ചിട്ടിയിലും നിക്ഷേപ പദ്ധതികളിലും ഇത്രയധികം നിക്ഷേപമുണ്ടായത്. 25 വർഷമായി ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന ചിട്ടിക്കമ്പനിയാണിത്.
Most Read| ചൈനയിൽ അധികാര കൈമാറ്റമോ?








































