ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം അവസാനിപ്പിച്ച് ഇറാൻ; മുൻകൂട്ടി വിസ എടുക്കണം

മനുഷ്യക്കടത്തും തട്ടിക്കൊണ്ടുപോകൽ കേസും വർധിച്ച സാഹചര്യത്തിലാണ് വിസരഹിത പ്രവേശനം റദ്ദാക്കാനുള്ള തീരുമാനം.

By Senior Reporter, Malabar News
Iran-India
Rep. Image
Ajwa Travels

ന്യൂഡെൽഹി: സാധാരണ പാസ്‌പോർട്ടുള്ള ഇന്ത്യൻ പൗരൻമാർക്ക് അനുവദിച്ചിരുന്ന വിസാ ഇളവ് നിർത്തലാക്കുകയാണെന്ന് പ്രഖ്യാപിച്ച് ഇറാൻ. ഇതുപ്രകാരം വിസയില്ലാതെ രാജ്യം സന്ദർശിക്കാൻ നൽകിയിരുന്ന അനുമതി ഇറാൻ റദ്ദാക്കി.

ഇതോടെ, ഈമാസം 22 മുതൽ ഇറാനിൽ പ്രവേശിക്കുന്നതിനും ഇറാനിലൂടെ മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും സാധാരണ പാസ്‌പോർട്ടുള്ള എല്ലാ ഇന്ത്യൻ യാത്രക്കാരും മുൻകൂട്ടി വിസ എടുക്കേണ്ടി വരും. മനുഷ്യക്കടത്തും തട്ടിക്കൊണ്ടുപോകൽ കേസും വർധിച്ച സാഹചര്യത്തിലാണ് വിസരഹിത പ്രവേശനം റദ്ദാക്കാനുള്ള തീരുമാനം.

”തൊഴിൽ വാഗ്‌ദാനങ്ങൾ അല്ലെങ്കിൽ മറ്റു രാജ്യങ്ങളിലേക്ക് തുടർയാത്ര ഉറപ്പ് നൽകി ഇന്ത്യൻ പൗരൻമാരെ വശീകരിച്ച് ഇറാനിലേക്ക് കൊണ്ടുപോയ നിരവധി സംഭവങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സാധാരണ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ലഭ്യമായിരുന്ന വിസാ ഇളവ് സൗകര്യം ദുരുപയോഗം ചെയ്‌ത്‌ വ്യക്‌തികളെ കബളിപ്പിച്ച് ഇറാനിലേക്ക് എത്തിക്കുന്നതായി റിപ്പോർട്ടുകൾ ലഭിച്ചു.

ഇറാനിൽ എത്തിയ ശേഷം അവരിൽ പലരെയും മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോകുന്നതായും വിവരം ലഭിച്ചു. ക്രിമിനൽ സംഘങ്ങൾ വിസാ ഇളവ് ദുരുപയോഗം ചെയ്യുന്നത് തടയാൻ ഉദ്ദേശിച്ചാണ് നടപടി. ഈമാസം 22 മുതൽ സാധാരണ പാസ്‌പോർട്ടുള്ള ഇന്ത്യൻ പൗരൻമാർക്ക് ഇറാനിൽ പ്രവേശിക്കുന്നതിനോ അതുവഴി കടന്നുപോകുന്നതിനോ വിസ എടുക്കേണ്ടി വരും.

ഇറാൻ സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന എല്ലാ ഇന്ത്യൻ പൗരൻമാരും ജാഗ്രതാ പാലിക്കാനും വിസ രഹിത യാത്രയോ ഇറാൻ വഴി മൂന്നാം രാജ്യങ്ങളിലേക്കുള്ള തുടർയാത്രയോ വാഗ്‌ദാനം ചെയ്യുന്ന ഏജന്റുമാരെ ഒഴിവാക്കാനും നിർദ്ദേശിക്കുന്നു”- വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു.

വിനോദസഞ്ചാരത്തിനായി ഇന്ത്യക്കാർക്ക് വിസയില്ലാതെ രാജ്യം സന്ദർശിക്കാനുള്ള പദ്ധതി 2024 ഫെബ്രുവരി നാലിനാണ് ഇറാൻ നടപ്പിലാക്കിയത്. നാല് നിബന്ധനകൾക്ക് വിധേയമായാണ് ഇന്ത്യക്കാർക്ക് വിസാരഹിത സന്ദർശനം ഇറാൻ അനുവദിച്ചിരുന്നത്. സാധാരണ പാസ്‌പോർട്ട് കൈവശമുള്ള വ്യക്‌തികൾക്ക് ആറുമാസത്തിലൊരിക്കൽ വിസയില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാമായിരുന്നു.

പരമാവധി 15 ദിവസം വരെ താമസിക്കാനായിരുന്നു അനുമതി. വിമാനമാർഗം വിനോദസഞ്ചാരത്തിന് എത്തുന്നവർക്ക് മാത്രമാണ് വിസാരഹിത പ്രവേശനം അനുവദിച്ചിരുന്നത്. ഇന്ത്യ, യുഎഇ, സൗദി അറേബ്യ, ഇന്തൊനീഷ്യ, ജപ്പാൻ, സിംഗപ്പൂർ, മലേഷ്യ, എന്നിവയുൾപ്പടെ 32 രാജ്യങ്ങൾക്കാണ് വിസയില്ലാതെ രാജ്യം സന്ദർശിക്കാനുള്ള പദ്ധതി ഇറാൻ പ്രഖ്യാപിച്ചത്.

Most Read| ഈ പോത്തിന്റെ വില കേട്ടാൽ ഞെട്ടും; പത്ത് ബെൻസ് വാങ്ങിക്കാം!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE