ഫത്തോർദ: ഐഎസ്എല്ലിൽ ഇന്ന് മുംബൈ സിറ്റി-എഫ്‍സി ഗോവ പോരാട്ടം. രാത്രി 7.30ന് ഗോവയിലെ ഫത്തോർദ സ്‌റ്റേഡിയത്തിലാണ് മൽസരം. ടൂർണമെന്റിൽ നിലവിലെ ചാമ്പ്യൻമാരാണ് മുംബൈ സിറ്റി. ഇക്കഴിഞ്ഞ സീസണിൽ സ്വപ്‌ന തുല്യമായ പടയോട്ടമായിരുന്നു മുംബൈയുടേത്. കിരീടം നിലനിർത്താനുറച്ച് ഇറങ്ങുന്ന മുംബൈക്ക് ഇക്കുറി കാര്യങ്ങൾ അത്ര എളുപ്പമല്ല.
ഡെസ് ബക്കിംഗ്ഹാം പരിശീലകനായ ടീമിന് ആദ്യ മൽസരത്തിൽ തന്നെ എതിരാളി കരുത്തരായ ഗോവയാണ്. ഇഗോർ അംഗുലോയും, യോഗോർ കാറ്റാറ്റോയും, ബിപിൻ സിംഗുമാണ് മുംബൈ ആക്രമണ നിരയിൽ. മധ്യനിരയിൽ ലാലെങ്മാവിയയും റോളിൻ ബോർഗസും, റെയ്‌നിയർ ഫെർണാണ്ടസും കാസിയോ ഗബ്രിയേലും കളി മെനയും.
ഗ്ളെൻ മാർട്ടിൻസ്-ബ്രണ്ടൻ ഫെർണാണ്ടസ്-എഡു ബേഡിയ തുടങ്ങിയവർ അണിനിരക്കുന്ന പ്രതിഭാസമ്പന്നമായ മധ്യനിരയാണ് ഗോവയുടെ കരുത്ത്. മുൻ ബ്ളാസ്‌റ്റേഴ്‌സ് താരം ധീരജ് സിംഗ് ആണ് ഗോൾ വല കാക്കുക. ഡ്യൂറൻഡ് കപ്പ് വിജയത്തോടെയാണ് ഗോവൻ ടീം ഐഎസ്എല്ലിന് എത്തുന്നത്. ഇക്കുറി കിരീടം നേടുക മാത്രമാവും അവരുടെ ലക്ഷ്യം.
Read Also: ‘ജയ് ഭീം’ ഒരു സമുദായത്തിനും എതിരല്ല; സംവിധായകൻ ടിജെ ജ്‌ഞാനവേൽ