ജറുസലേം: ഇറാന്റെ പിന്തുണയുള്ള ലെബനീസ് സായുധ സംഘമായ ഹിസ്ബുള്ളയുടെ ആസ്‌ഥാനത്തിന് നേരെ ഇസ്രയേൽ ആക്രമണം. ലെബനീസ് തലസ്‌ഥാനമായ ബെയ്‌റൂട്ടിന് തെക്കുള്ള ദാഹിയെയിലെ ഹിസ്ബുള്ള ആസ്‌ഥാനം വെള്ളിയാഴ്‌ച ആക്രമിച്ചെന്ന് ഇസ്രയേൽ സൈനിക വക്‌താവ് ഡാനിയൽ ഹഗാരി അറിയിച്ചു.
ഹിസ്ബുള്ളയുടെ തലവൻ ഹസ്സൻ നസ്രള്ളയെയാണ് ഇസ്രയേൽ ലക്ഷ്യമിട്ടതെന്നാണ് ലെബനീസ് മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്. നസ്രള്ള ആസ്‌ഥാനത്ത് ഉണ്ടായിരുന്നോ എന്ന കാര്യം വ്യക്‌തമല്ല. എന്നാൽ, നസ്രള്ളയെ വധിച്ചെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. എന്നാൽ, ഇക്കാര്യത്തിൽ ഹിസ്ബുള്ളയുടെ ഭാഗത്ത് നിന്ന് ഒരു സ്‌ഥിരീകരണവും വന്നിട്ടില്ല.
ഹിസ്ബുള്ളക്കെതിരെ ഒരാഴ്‌ചയായി ലെബനനിൽ തുടരുന്ന സൈനിക നടപടി അവസാനിപ്പിക്കില്ലെന്ന് യുഎൻ പൊതുസഭയിൽ ഇസ്രയേൽ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ആക്രമണം. ഗാസയിൽ ഹമാസിനെതിരെ സമ്പൂർണ വിജയം എന്ന യുദ്ധലക്ഷ്യം നേടുംവരെ ലെബനനിലും സൈനിക നടപടി തുടരുമെന്നാണ് നെതന്യാഹു വ്യക്‌തമാക്കിയത്.
ബെയ്‌റൂട്ടിലെ ആക്രമണത്തിൽ ആറ് ബഹുനില കെട്ടിടങ്ങൾ തകർന്നു. സംഭവത്തെ ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്ന് യുഎൻ അറിയിച്ചു. യുഎസും ഫ്രാൻസും ഉൾപ്പടെയുള്ള രാജ്യങ്ങൾ മുന്നോട്ടുവെച്ച 21 ദിന വെടിനിർത്തൽ നിർദ്ദേശത്തെ അപ്പാടെ നിരാകരിക്കുന്നതാണ് ഇസ്രയേൽ നടപടി. ലെബനനിൽ ഇസ്രയേൽ കരയുദ്ധത്തിന് കോപ്പുകൂട്ടുന്നെന്ന സൂചന നൽകി ലെബനനുമായി അതിർത്തി പങ്കിടുന്ന വടക്കൻ മേഖലകളിലേക്ക് ഇസ്രയേൽ കൂടുതൽ യുദ്ധടാങ്കുകളും കവചിത വാഹനങ്ങളും എത്തിക്കുന്നത് തുടരുകയാണ്.
കരുതൽ സേനാ അംഗങ്ങളോട് ജോലിയിൽ പ്രവേശിക്കാനും സൈനിക നേതൃത്വം ഉത്തരവിട്ടിട്ടുണ്ട്. കരയുദ്ധം ആരംഭിക്കാൻ ഏത് നിമിഷവും ഒരുങ്ങിയിരിക്കണമെന്ന് ഇസ്രയേൽ സേനാ മേധാവി സൈനികർക്ക് ഈയിടെ നിർദ്ദേശം നൽകിയിരുന്നു. ഇസ്രയേൽ- ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം തങ്ങളുടെ അതിർത്തിക്കുള്ളിൽ 1540 പേർ കൊല്ലപ്പെട്ടുവെന്ന് ലെബനൻ അറിയിച്ചു. ഇന്നലെ നടന്ന ആക്രമണത്തിൽ ഒരു കുടുംബത്തിലെ ഒമ്പത് പേരാണ് മരിച്ചത്.
Most Read| സുനിതയും വിൽമോറും ബഹിരാകാശത്തുനിന്നു വോട്ട് ചെയ്യും