സന: ദോഹയിലെ ആക്രമണത്തിന് പിന്നാലെ യെമനിലും ഇസ്രയേൽ ആക്രമണം. യെമൻ തലസ്‌ഥാനമായ സനയിലും അൽ ജൗഫ് ഗവർണറേറ്റിലും ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു. 130 പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇത് പ്രാഥമിക കണക്ക് മാത്രമാണെന്നും പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു.
സനയിലെ അൽ-തഹ്‌രീർ പരിസരത്തെ വീടുകൾ, നഗരത്തിന്റെ തെക്ക്-പടിഞ്ഞാറുള്ള 60ആം സ്‌ട്രീറ്റിലെ ഒരു മെഡിക്കൽ സ്‌ഥാപനം, അൽ- ജൗഫിന്റെ തലസ്‌ഥാനമായ അൽ- ഹസ്‌മിലെ ഒരു സർക്കാർ കോമ്പൗണ്ട് എന്നിവയുൾപ്പടെ സാധാരണക്കാർ താമസിക്കുന്ന ജനവാസ കേന്ദ്രങ്ങളിലാണ് ആക്രമണം നടന്നതെന്ന് മന്ത്രാലയം വ്യക്‌തമാക്കി.
എന്നാൽ, ഹൂതി കേന്ദ്രങ്ങൾ മാത്രം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ വിശദീകരണം. ഇസ്രയേലിനെതിരെ രഹസ്യ വിവരങ്ങൾ ശേഖരിക്കുകയും ആക്രമണങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്ന ഹൂതികളുടെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ആക്രമിച്ചുവെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ പ്രസ്‌താവനയിൽ ഉള്ളത്.
ബോംബാക്രമണം നടത്തിയത് യെമൻ പ്രസിഡണ്ടിന്റെ കൊട്ടാര സമുച്ചയത്തിലെ സൈനിക കേന്ദ്രങ്ങളിൽ ഒന്നിലാണെന്നും ഹൂതികളുടെ പിആർ ഡിപ്പാർട്ട്മെന്റും ഇന്ധന സംഭരണ കേന്ദ്രവും തകർത്തുവെന്നുമാണ് ഇസ്രയേലിന്റെ അവകാശവാദം. അതേസമയം, ഇസ്രയേൽ ജെറ്റുകൾക്ക് നേരെ തങ്ങളുടെ ഭൂതല- വ്യോമ മിസൈലുകൾ ഉപയോഗിച്ചുവെന്നും ഇതോടെ അവർ ആക്രമണം നടത്താതെ മടങ്ങിയെന്നും ഹൂതി സൈനിക വക്‌താവ് യഹ്യ സരീ പറഞ്ഞു.
Most Read| മലപ്പുറത്ത് വീട്ടിലെ പ്രസവം കുറയുന്നു; ആരോഗ്യവകുപ്പിന്റെ ക്യാംപയിന് ഫലം