ന്യൂഡെൽഹി: ഇസ്രയേൽ-പലസ്തീൻ സംഘർഷം അതിസങ്കീർണമായി തുടരുന്നു. (Israeli–Palestinian conflict) സംഘർഷം കരയുദ്ധത്തിലേക്ക് കടന്നു. ഹമാസിനെതിരെ യുദ്ധകാഹളം മുഴക്കി പതിനായിരക്കണക്കിന് ഇസ്രയേലി സൈനിക ഗ്രൂപ്പുകളും യുദ്ധ ടാങ്കുകളും കഴിഞ്ഞ ദിവസം ഗാസയെ വളഞ്ഞു. ഗാസയുടെ നിയന്ത്രണം പൂർണമായി ഏറ്റെടുക്കാൻ സൈന്യത്തോട് ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ് ഉത്തരവിട്ടു.
സമ്പൂർണ ഉപരോധത്തിന്റെ ഭാഗമായി ഗാസയിലേക്കുള്ള വൈദ്യുതി, ഭക്ഷണ, ഇന്ധന വിതരണം നിർത്തിവെക്കാനും നിർദ്ദേശം നൽകി. ഗാസയിൽ രാത്രി മുഴുവൻ വ്യോമാക്രമണം നടന്നു. ശനിയാഴ്ച ആരംഭിച്ച യുദ്ധത്തിൽ ഇരുഭാഗത്തുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 1600 കടന്നു. 900 ഇസ്രയേലികളും 700 ഹമാസ് വിഭാഗത്തിൽപ്പെട്ടവരുമാണ് കൊല്ലപ്പെട്ടത്. ഇതുവരെ ഹമാസിന്റെ 1290 കേന്ദ്രങ്ങളിൽ ബോംബ് ഇട്ടതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു.
30ലേറെ ഇസ്രയേൽ പൗരൻമാർ ബന്ദികളാണെന്നും ഇസ്രയേൽ സ്ഥിരീകരിച്ചു. ലെബനൻ അതിർത്തിയിലും ഏറ്റുമുട്ടൽ ആരംഭിച്ചു. ഹിസ്ബുല്ലയുടെ ഏഴ് പേരെ കൊലപ്പെടുത്തിയെന്നും ആറ് ഇസ്രയേലികൾക്ക് പരിക്കേറ്റതായുമാണ് വിവരം. അതേസമയം, ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം തുടർന്നാൽ ഇപ്പോൾ ബന്ദികളാക്കിയിട്ടുള്ളവരെ പരസ്യമായി കൊലപ്പെടുത്തുമെന്നാണ് ഹമാസിന്റെ മുന്നറിയിപ്പ്.
ഇതിനിടെ, ഹമാസിന് മുന്നറിയിപ്പുമായി ഇസ്രയേലും രംഗത്തെത്തി. യുദ്ധം ആരംഭിച്ചത് തങ്ങളല്ലെങ്കിലും പൂർത്തിയാക്കുന്നത് ഇസ്രയേൽ ആയിരിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി. രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് യുദ്ധം കടുക്കുമെന്ന് വ്യക്തമാക്കിയിട്ടുള്ള നെതന്യാഹുവിന്റെ പ്രഖ്യാപനം.
‘ഇസ്രയേൽ യുദ്ധത്തിലാണ്. ഈ യുദ്ധം ഞങ്ങൾ ആഗ്രഹിച്ചിരുന്നില്ല. ഏറ്റവും ക്രൂരമായ രീതിയിൽ യുദ്ധം ഞങ്ങളിൽ അടിച്ചേൽപ്പിച്ചിരിക്കുകയാണ്. യുദ്ധം ആരംഭിച്ചത് ഞങ്ങളല്ലെങ്കിലും പൂർത്തിയാക്കുന്നത് ഇസ്രയേൽ ആയിരിക്കും. ഇസ്രയേലിനെ ആക്രമിച്ചത് തെറ്റായിരുന്നുവെന്ന് ഹമാസിന് വ്യക്തമാകും. ഹമാസ് അക്രമികൾ ഇപ്പോഴും ഇസ്രയേലിൽ ഉണ്ട്. ഇപ്പോൾ നടത്തിയ വ്യോമാക്രമണങ്ങൾ തുടക്കം മാത്രമാണ്’- ബെഞ്ചമിൻ നെതന്യാഹു വിശദീകരിച്ചു.
ഇതിനിടെ, 11 അമേരിക്കൻ പൗരൻമാർ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ സ്ഥിരീകരിച്ചു. ഹമാസ് ബന്ദികളാക്കിയവരിൽ അമേരിക്കക്കാർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന റിപ്പോർട്ടുകൾ ഇപ്പോൾ സ്ഥിരീകരിക്കാൻ കഴിയില്ല. അക്രമത്തെ ശക്തമായി അപലപിച്ച ബൈഡൻ, അമേരിക്ക ഇസ്രയേലിനൊപ്പമാണെന്നും ആവശ്യമുള്ള എന്ത് സഹായവും ലഭ്യമാക്കുമെന്നും ആവർത്തിച്ചു.
Most Read| മുഖം മറയ്ക്കുന്നത് വെല്ലുവിളി; കസാഖ്സ്ഥാൻ ബുർഖ നിരോധനം പരിഗണിക്കുന്നു