ടെൽ അവീവ്: ഗാസ നഗരത്തെ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് ഇസ്രയേൽ സുരക്ഷാ കാബിനറ്റ് അനുമതി നൽകിയതായി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഗാസ മുനമ്പ് പൂർണമായും കൈവശപ്പെടുത്താനുള്ള പദ്ധതിക്ക് മന്ത്രിസഭയുടെ പിന്തുണ തേടുമെന്ന് നെതന്യാഹു നേരത്തെ പറഞ്ഞതായി ഇസ്രയേൽ മന്ത്രിമാർ വ്യക്‌തമാക്കിയിരുന്നു.
മുഴുവൻ പ്രദേശത്തിന്റെയും നിയന്ത്രണം തിരികെ പിടിക്കാനും ഹമാസിനെ എതിർക്കുന്ന സൗഹൃദ അറബ് സൈന്യത്തിന് കൈമാറാനും ഇസ്രയേൽ പദ്ധതിയിടുന്നതായി മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി നെതന്യാഹു പറഞ്ഞിരുന്നു. എന്നാൽ, പദ്ധതികൾ അതിലേക്ക് എത്തുമോയെന്ന് വ്യക്‌തമല്ല. നെതന്യാഹുവിന്റെ പദ്ധതിയോട് സൈന്യത്തിൽ വിയോജിപ്പുണ്ട്.
ഗാസയിലെ പൂർണ അധിനിവേശത്തിന് ഇസ്രയേൽ പ്രതിരോധ സേന എതിർപ്പ് അറിയിച്ചിരുന്നു. ബന്ദികളെ തടവിലാക്കിയിട്ടുണ്ടെന്ന് കരുതുന്ന പ്രദേശങ്ങളിൽ കരസേനാ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നത്, അവശേഷിക്കുന്നവരുടെ ജീവൻ അപായപ്പെടുത്തുമെന്ന മുന്നറിയിപ്പാണ് ഐഡിഎഫ് നൽകുന്നത്. ബന്ദികൾക്കൊപ്പം സൈനികരുടെ ജീവനും അപകടത്തിലാക്കുന്ന നീക്കമായിരിക്കുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ബന്ദികളുടെ കുടുംബങ്ങളും ഈ നീക്കത്തെ എതിർക്കുന്നുണ്ട്. അതിനിടെ, വിഷയത്തിൽ ഇസ്രയേലിൽ അഭിപ്രായ വോട്ടെടുപ്പുകൾ തുടങ്ങിയിട്ടുണ്ട്. ഉടൻ വെടിനിർത്തൽ കരാർ ഉണ്ടാക്കി ബന്ദികളെ മോചിപ്പിക്കണമെന്ന് വോട്ടെടുപ്പിൽ ആവശ്യങ്ങൾ ഉയർന്നു. കനത്ത പട്ടിണിയിലാണ് ഗാസയെന്നാണ് വിവരം. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ചുപേർ കൂടി പട്ടിണി മൂലം മരിച്ചു.
ഇതോടെ പട്ടിണി മരണം 193 ആയി. ഇതിൽ 96 പേർ കുട്ടികളാണ്. ഗാസയിലെ 81% ജനങ്ങൾക്കും ഭക്ഷ്യോപയോഗം ഏറ്റവും കുറഞ്ഞ നിലയിലാണ് ഇപ്പോഴെന്ന് യുഎന്നിന്റെ ഓഫീസ് ഫോർ കോർഡിനേഷൻ ഓഫ് ഹ്യുമാനിറ്റേറിയൻ അഫയേഴ്‌സ് പറഞ്ഞു. പത്തിൽ ഒമ്പത് കുടുംബങ്ങളും ഒരുനേരത്തെ ഭക്ഷണമെങ്കിലും കിട്ടാനായി നെട്ടോട്ടമോടുകയാണ്.
Most Read| വ്യാപാര യുദ്ധവുമായി ട്രംപ്; അധിക തീരുവ ബാധിക്കുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങൾ