വാഷിങ്ടൻ: ഗാസയിൽ നടത്തുന്ന യുദ്ധം ഉടൻ അവസാനിപ്പിക്കാൻ ഇസ്രയേലിനുമേൽ സമ്മർദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് കത്ത്. മുൻ ഇന്റലിജൻസ് ഏജൻസികളുടെ മേധാവികൾ ഉൾപ്പടെ ഏകദേശം 600 ഇസ്രയേലി സുരക്ഷാ ഉദ്യോഗസ്‌ഥരുടെ സംഘമാണ് ട്രംപിന് കത്തെഴുതിയത്.
ഹമാസ് ഇനി ഇസ്രയേലിന് തന്ത്രപരമായ ഭീഷണിയല്ലെന്നും കത്തിൽ പറയുന്നു. ”ഭൂരിപക്ഷം ഇസ്രയേലികളുമായുള്ള നിങ്ങളുടെ വിശ്വാസ്യത നെതന്യാഹുവിനെയും അദ്ദേഹത്തിന്റെ സർക്കാരിനെയും ശരിയായ ദിശയിലേക്ക് നയിക്കും. യുദ്ധം അവസാനിപ്പിക്കുക, ബന്ദികളെ തിരികെ കൊണ്ടുവരിക”- മുൻ സുരക്ഷാ ഉദ്യോഗസ്‌ഥർ അയച്ച കത്തിൽ പറയുന്നു.
ഹമാസുമായുള്ള വെടിനിർത്തൽ ചർച്ചകൾ നിലച്ചതോടെ ഗാസയിൽ സൈനിക നടപടികൾ വ്യാപിപ്പിക്കാൻ നെതന്യാഹു ശ്രമം നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ട്രംപിന് കത്തയച്ചിരിക്കുന്നത്. ഗാസയിൽ ഇസ്രയേൽ നടത്തിയ സൈനിക നടപടികളിൽ 60,000ത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയം പറയുന്നത്.
ഇതിനുപുറമേ പട്ടിണി മരണങ്ങളും റിപ്പോർട് ചെയ്യുന്നുണ്ട്. യുദ്ധം ആരംഭിച്ചതിന് ശേഷം 93 കുട്ടികൾ ഉൾപ്പടെ 180 പേർ പോഷകാഹാരക്കുറവ് മൂലം ഗാസയിൽ മരിച്ചതായാണ് മന്ത്രാലയത്തിന്റെ കണക്ക്. ഗാസ ക്ഷാമത്തിന്റെ പിടിയിലാണെന്നാണ് യുഎൻ പിന്തുണയുള്ള ഏജൻസികൾ പറയുന്നത്.
Most Read| തറയ്‌ക്കടിയിൽ നിന്ന് രക്‌തസമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!