ബെംഗളൂരു: ബഹിരാകാശത്ത് വീണ്ടും ചരിത്രം കുറിച്ച് ഐഎസ്ആർഒ. സ്‌പേഡെക്‌സ് ദൗത്യത്തിന്റെ സ്‌പേസ് ഡോക്കിങ് പരീക്ഷണം വിജയകരമായി പൂർത്തിയായി. സ്‌പേഡെക്‌സ് ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്ത് എത്തിയ ഇരട്ട ഉപഗ്രഹങ്ങളായ ചേസറും (എസ്‌ഡിഎക്‌സ്-01) ടാർഗറ്റും (എസ്‌ഡിഎക്‌സ്-02) കൂടിചേർന്നെന്നാണ് വിവരം.
ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും. ഡിസംബർ 30നാണ് സ്‌പേഡെക്‌സ് പരീക്ഷണത്തിനുള്ള രണ്ട് ചെറു ഉപഗ്രഹങ്ങളെ ഐഎസ്‌ആർഒയുടെ പിഎസ്എൽവി-60 ഭ്രമണപഥത്തിലെത്തിച്ചത്. 220 കിലോഗ്രാം വീതം ഭാരമാണ് ഇരു ചെറു ഉപഗ്രഹങ്ങൾക്കും ഉള്ളത്. പേടകങ്ങൾ ഭൂമിയുടെ ഭ്രമണപഥത്തിലെത്തിച്ച് കൂട്ടിയോജിപ്പിക്കുന്ന പ്രക്രിയയാണ് ഡോക്കിങ്.
ജനുവരി ഏഴിന് ഡോക്കിങ് പരീക്ഷണം നടക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്ന് ഒമ്പതാം തീയതിയിലേക്ക് മാറ്റി. എന്നാൽ, ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം കുറച്ചുകൊണ്ട് വരുന്നതിനിടെ കൂടുതൽ അടുത്തതോടെ പരീക്ഷണം അന്നും മാറ്റിവെക്കുകയായിരുന്നു.
ഐഎസ്‌ആർഒയുടെ ബെംഗളൂരുവിലെ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്കിൽ നിന്നാണ് ഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്നത്. ബഹിരാകാശത്തെ ഡോക്കിങ് സാധ്യമായതോടെ യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് പിന്നാലെ ഈ സാങ്കേതികവിദ്യ കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി.
സ്വന്തം സ്‌റ്റേഷനുൾപ്പടെ ഇന്ത്യൻ സ്വപ്‌നങ്ങളിലേക്കുള്ള അടുത്ത ചുവടാണ് സ്‌പേഡെക്‌സ്. ഇന്ത്യൻ സഞ്ചാരികളെ ബഹരാകാശത്ത് അയക്കുന്ന ഗഗയാൻ, ചന്ദ്രോപരിതലത്തിലുള്ള സാമ്പിളുകൾ ശേഖരിച്ചു ഭൂമിയിലെത്തിച്ചു പഠനം നടത്താനുള്ള ചന്ദ്രയാൻ-4 എന്നീ പദ്ധതികൾക്കും മുതൽക്കൂട്ടാകും സ്‌പേഡെക്‌സ്. ഏറ്റവും കുറഞ്ഞ ചിലവിൽ ലക്ഷ്യം നേടിയെന്ന ഖ്യാതിയും ഇനി ഇന്ത്യക്ക് സ്വന്തം.
Most Read| വെടിനിർത്തൽ കരാർ അംഗീകരിച്ച് ഇസ്രയേലും ഹമാസും; ഞായറാഴ്‌ച മുതൽ പ്രാബല്യത്തിൽ