ബെംഗളൂരു: ബഹിരാകാശ ശാസ്‌ത്രരംഗത്ത് പുതുചരിത്രം കുറിച്ച് ഐഎസ്ആർഒ. സ്‌പേഡെക്‌സ് ഡി ഡോക്കിങ് വിജയകരമായി പൂർത്തിയായി. ബഹിരാകാശത്ത് രണ്ട് ഉപഗ്രഹങ്ങൾ കൂട്ടിയോജിപ്പിച്ച് വീണ്ടും വേർപ്പെടുത്തുന്ന സാങ്കേതിക വിദ്യയാണ് ഡി ഡോക്കിങ്.
ഇന്ന് രാവിലെ ഒമ്പത് മണിക്കുശേഷമാണ് ഉപഗ്രഹങ്ങളുടെ അൺഡോക്കിങ് പൂർത്തിയായത്. സ്വന്തമായി ബഹിരാകാശ നിലയം സ്‌ഥാപിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് ഏറെ നിർണായകമാണ് ഡി ഡോക്കിങ് വിജയം. ഇതോടെ, ഡി ഡോക്കിങ് സാങ്കേതികവിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. യുഎസ്, ചൈന, റഷ്യ എന്നീ രാജ്യങ്ങളാണ് ഈ നേട്ടം കൈവരിച്ച മറ്റു രാജ്യങ്ങൾ.
ഡി ഡോക്കിങ് വിജയത്തിൽ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ഐഎസ്ആർഒയെ അഭിനന്ദിച്ചു. ബഹിരാകാശ നിലയം സ്‌ഥാപിക്കുന്നത് ഉൾപ്പടെയുള്ള ഭാവി പദ്ധതികൾക്ക് ഇത് കരുത്തേകുമെന്നും മന്ത്രി പറഞ്ഞു. ഡിസംബർ 30നാണ് സ്‌പേഡെക്‌സ് പരീക്ഷണത്തിനുള്ള രണ്ട് ചെറു ഉപഗ്രഹങ്ങളെ ഐഎസ്‌ആർഒയുടെ പിഎസ്എൽവി-60 ഭ്രമണപഥത്തിലെത്തിച്ചത്. 220 കിലോഗ്രാം വീതം ഭാരമാണ് ഇരു ചെറു ഉപഗ്രഹങ്ങൾക്കും ഉള്ളത്.
സ്വന്തം സ്‌റ്റേഷനുൾപ്പടെ ഇന്ത്യൻ സ്വപ്‌നങ്ങളിലേക്കുള്ള അടുത്ത ചുവടാണ് സ്‌പേഡെക്‌സ്. ഇന്ത്യൻ സഞ്ചാരികളെ ബഹരാകാശത്ത് അയക്കുന്ന ഗഗയാൻ, ചന്ദ്രോപരിതലത്തിലുള്ള സാമ്പിളുകൾ ശേഖരിച്ച് ഭൂമിയിലെത്തിച്ച് പഠനം നടത്താനുള്ള ചന്ദ്രയാൻ-4 എന്നീ പദ്ധതികൾക്കും മുതൽക്കൂട്ടാകും സ്‌പേഡെക്‌സ്. ഏറ്റവും കുറഞ്ഞ ചിലവിൽ ലക്ഷ്യം നേടിയെന്ന ഖ്യാതിയും ഇനി ഇന്ത്യക്ക് സ്വന്തം.
Most Read| കാനഡയെ നയിക്കാൻ ഇനി മാർക്ക് കാർനി; ട്രൂഡോയുടെ പിൻഗാമി, ട്രംപിന് എതിരാളി