കൗതുകമുണർത്തുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് ‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’ ടീം. യുവത്വത്തിന്റെ ഹരമായി മാറിയ സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് ഒരുക്കുന്ന ചിത്രമാണ് ‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’.
വ്യത്യസ്തമായ ലുക്കിലാണ് സംഗീതിനെയും ഷറഫുദ്ദീനെയും പോസ്റ്ററിൽ അവതരിപ്പിച്ചിട്ടുള്ളത്. ഡോക്ടർ പോൾസ് എന്റർടെയ്ൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോക്ടർ പോൾ വർഗീസ്, സുജിത് ജെ നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അഖില ഭാർഗവൻ ആണ് നായികയായി എത്തുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് നിലീൻ സാന്ദ്രയാണ്.
ചിത്രത്തിന്റെ കഥയെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചും ആകാംക്ഷയും കൗതുകവും ഉണർത്തുന്നതാണ് പോസ്റ്റർ. സംഗീത് പ്രതാപും ഷറഫുദ്ദീനും കരിയറിലെ തീർത്തും വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് ഇതിൽ അവതരിപ്പിക്കുയെന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ സൂചിപ്പിക്കുന്നത്. കൊടുങ്ങല്ലൂരും പരിസര പ്രദേശങ്ങളിലുമാണ് ചിത്രീകരണം ആരംഭിച്ചത്.
55 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണം, കൊച്ചിയിൽ നടന്ന അവസാന ഷെഡ്യൂളോടെയാണ് പൂർത്തിയായത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. കോട്ടയം നസീർ, ആനന്ദ് മൻമഥൻ, കിരൺ പീതാംബരൻ, പാർവതി ആർ കൃഷ്ണ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മധ്യവേനൽ അവധിക്കുശേഷം ചിത്രം തിയേറ്ററുകളിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ.
ഛായാഗ്രഹണം- അഖിൽ സേവ്യർ, എഡിറ്റർ- രാകേഷ് ചെറുമഠം, സംഗീതം, മുജീബ് മജീദ്, മേക്കപ്പ്- റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ- മനോജ് പൂങ്കുന്നം, കലാസംവിധാനം- അപ്പുണ്ണി സാജൻ, ചീഫ് അസോ. ഡയറക്ടർ- വിഷ്ണു ദേവ്, അജിത് ജോസ്, അസോസിയേറ്റ് ഡയറക്ടർ- മുബീൻ റാഫി, വിതരണം- ഡ്രീം ബിഗ് ഫിലിംസ്, പിആർഒ- ശബരി തുടങ്ങിയവരാണ് മറ്റു അണിയറ പ്രവർത്തകർ.
Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല





































