തിരുവനന്തപുരം: തടവുകാരിൽ നിന്ന് കൈക്കൂലി വാങ്ങിയതിന് ജയിൽ ഡിഐജി എംകെ വിനോദ് കുമാറിന് സസ്പെൻഷൻ. പരോൾ നൽകാൻ പ്രതികളുടെ ബന്ധുക്കളിൽ നിന്ന് 1.80 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് വിജിലൻസ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ജയിൽ ഹെഡ്ക്വാർട്ടേഴ്‌സ് ഡിഐജി വിനോദ് കുമാറിനെതിരെ ഈമാസം 17നാണ് വിജിലൻസ് കേസെടുത്തത്. പരോൾ നൽകാനും പ്രതികൾക്ക് ജയിലിൽ കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കാനും കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിൽ ആയിരുന്നു വിജിലൻസ് പരിശോധനയും കേസും.
ഗൂഗിൾ പേ വഴി തന്റെയും ഭാര്യയുടെയും അക്കൗണ്ടിലേക്ക് പണം വാങ്ങിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് 1.80 ലക്ഷം രൂപയെത്തിയ വിവരം ലഭിച്ചത്. വിയ്യൂർ ജയിലിലെ വിരമിച്ച ഉദ്യോഗസ്‌ഥനെ ഇടനിലക്കാരനാക്കിയും പണം വാങ്ങിയെന്നാണ് വിജിലൻസിന്റെ നിഗമനം.
ഇത് സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. സ്‌ഥലം മാറ്റത്തിനായി ഉദ്യോഗസ്‌ഥരിൽ നിന്ന് പണം വാങ്ങിയെന്ന പരാതിയും ഉയർന്നിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടും തുടരന്വേഷണം ഉണ്ടാകും.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്








































