കൊച്ചി: ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയിൽ എറണാകുളം ജില്ലാ ജയിലിൽ കഴിയവേ വ്യവസായി ബോബി ചെമ്മണ്ണൂരിന് വഴിവിട്ട് സഹായം ചെയ്‌ത മധ്യമേഖല ജയിൽ ഡിഐജി പി അജയകുമാർ, എറണാകുളം ജില്ലാ ജയിൽ സൂപ്രണ്ട് രാജു ഏബ്രഹാം എന്നിവർക്ക് സസ്‌പെൻഷൻ.
ബോബി ചെമ്മണ്ണൂർ റിമാൻഡിൽ കഴിഞ്ഞിരുന്ന കാക്കനാട് ജില്ലാ ജയിലിൽ അദ്ദേഹത്തിന് വിഐപി പരിഗണന നൽകിയതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജയിൽ ആസ്‌ഥാനത്തെ ഡിഐജി എംകെ വിനോദ് കുമാർ അന്വേഷണം നടത്തി റിപ്പോർട് സമർപ്പിച്ചിരുന്നു. ഇതുപ്രകാരം ജയിൽ എഡിജിപി ബൽറാം കുമാർ ഉപാധ്യായ നൽകിയ റിപ്പോർട്ടിലെ ശുപാർശ പരിഗണിച്ചാണ് അഡീ. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ സസ്‌പെൻഷൻ ഉത്തരവിറക്കിയത്.
ഇരുവരെയും അന്വേഷണ വിധേയമായാണ് സസ്‌പെൻഡ് ചെയ്‌തത്. അപേക്ഷ നൽകാതെയും ഗേറ്റ് രജിസ്‌റ്ററിൽ രേഖപ്പെടുത്താതെയും സന്ദർശകരെ അകത്തേക്ക് പ്രവേശിപ്പിച്ചു. തടവുകാരന് ചട്ടവിരുദ്ധമായി നേരിട്ട് പണം കൈമാറി, ജയിലിലെ പ്രോപ്പർട്ടി രജിസ്‌റ്ററിൽ തിരുത്തൽ വരുത്തി, സൂപ്രണ്ടിന്റെ മുറിയിൽ തടവുകാരന് ശുചിമുറി സൗകര്യം നൽകി എന്നിവയാണ് ഇരുവർക്കുമെതിരെ കണ്ടെത്തിയ കുറ്റങ്ങൾ.
കൂടാതെ, ഡിഐജി പി അജയകുമാർ എത്തിയത് ബോബി ചെമ്മണ്ണൂരിന്റെ കാറിലാണെന്നും കണ്ടെത്തി. ജയിൽ സൂപ്രണ്ട് ഒഴികെയുള്ള മുഴുവൻ ഉദ്യോഗസ്‌ഥരും ഡിഐജിക്കെതിരെ മൊഴി നൽകി. മേലുദ്യോഗസ്‌ഥനെതിരെ മൊഴി നൽകാൻ തയ്യാറല്ലെന്ന് നിലപാടെടുത്ത സൂപ്രണ്ട് അന്വേഷണത്തോട് സഹകരിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്.
സിസിടിവി ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്നാണ് സൂപ്രണ്ട് അറിയിച്ചതെങ്കിലും ഹെഡ് ക്വാർട്ടേഴ്‌സ് ഡിഐജിയുടെ പരിശോധനയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് കണ്ടെത്തി. തൊട്ടടുത്തുള്ള വനിതാ ജയിലിൽ സ്‌ഥാപിച്ചിരുന്ന ക്യാമറയിൽ നിന്ന് കാറിൽ മധ്യമേഖലാ ജയിൽ ഡിഐജിയും സംഘവും വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചു. അതേസമയം, ബോബി ചെമ്മണൂരിനെതിരായ കേസിൽ നടിയെ പിന്തുടർന്ന് ശല്യം ചെയ്‌തു എന്ന വകുപ്പ് കൂടി ഉൾപ്പെടുത്തി എറണാകുളം സെൻട്രൽ പോലീസ് മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട് നൽകി.
Most Read| ‘ലോകാരോഗ്യ സംഘടന, പാരിസ് ഉടമ്പടി എന്നിവയിൽ നിന്ന് പിൻമാറി, ടിക്‌ടോക്കിന് 75 ദിവസം സാവകാശം’