തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ ശിക്ഷായിളവിനുള്ള ശുപാർശയിൽ ഉൾപ്പെടുത്തി പോലീസ് റിപ്പോർട് തേടിയ ജയിൽ ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോ.സൂപ്രണ്ട് കെഎസ് ശ്രീജിത്ത്, അസി. സൂപ്രണ്ട് ഗ്രേഡ്1 ബി.ജി അരുൺ, അസി. പ്രിസൺ ഓഫീസർ ഒവി രഘുനാഥ് എന്നിവരെയാണ് അന്വേഷണ വിധേയരായി സസ്‌പെൻഡ് ചെയ്‌തത്.
മുഖ്യമന്ത്രി പിണറായി വിജയനാണ് സസ്‌പെൻഷൻ ഉത്തരവിറക്കിയത്. പ്രതിപക്ഷ നേതാവിന്റെ സബ്‌മിഷൻ നിയമസഭയിൽ വരുന്നതിന് മുമ്പേയാണ് സർക്കാർ തീരുമാനം. ഇതേ വിഷയത്തിൽ കെകെ രമ എംഎൽഎ കഴിഞ്ഞ ദിവസം നിയമസഭയിൽ അടിയന്തിര പ്രമേയ നോട്ടീസ് അവതരിപ്പിക്കാൻ അനുമതി തേടിയിരുന്നെങ്കിലും സ്‌പീക്കർ നിഷേധിച്ചിരുന്നു. ശിക്ഷായിളവിന് നീക്കമില്ലെന്ന് സർക്കാർ വ്യക്‌തമാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സ്‌പീക്കർ അടിയന്തിര പ്രമേയ നോട്ടീസ് തള്ളിയത്.
ഹെക്കോടതി വിധി മറികടന്ന് പ്രതികളായ ടികെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവർക്ക് ശിക്ഷായിളവ് നൽകി വിട്ടയക്കാനാണ് നീക്കം നടത്തിയിരുന്നത്. ശിക്ഷായിളവ് പോലീസിനോട് പ്രതികളുടെ റിപ്പോർട് ആവശ്യപ്പെടുന്ന കണ്ണൂർ ജയിൽ സൂപ്രണ്ടിന്റെ കത്ത് പുറത്തായിരുന്നു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറോടാണ് സൂപ്രണ്ട് റിപ്പോർട് ആവശ്യപ്പെട്ടത്.
Most Read| ഇന്ത്യ ഒരു ഹിന്ദുരാഷ്‌ട്രമല്ല, അത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തെളിയിച്ചു; അമർത്യസെൻ