ശ്രീനഗർ: ജമ്മു കശ്‌മീരിലെ കുൽഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചു. ലാൻസ് നായിക പ്രിതിപാൽ സിങ്, ശിപായി ഹർമിന്ദർ സിങ് എന്നിവരാണ് വീരമൃത്യു വരിച്ചത്. ഓപ്പറേഷൻ അഖാലിന്റെ ഭാഗമായി മേഖലയിൽ ഇന്ന് ഏറ്റുമുട്ടൽ നടന്നിരുന്നു. രണ്ട് സൈനികർക്ക് പരിക്കേറ്റിട്ടുമുണ്ട്.
കഴിഞ്ഞ ഒമ്പത് ദിവസമായി മേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരവാദികൾക്കായി ഓപ്പറേഷൻ അഖാൽ തുടരുകയാണ്. ഏറ്റുമുട്ടലിൽ ഇതുവരെ പത്ത് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. അഞ്ച് ഭീകരവാദികളെ ഇതുവരെ സുരക്ഷാ സേന വധിച്ചു. ഇതിൽ മൂന്നുപേർ പഹൽഗാം ഭീകരാക്രമണത്തിൽ നേരിട്ട് പങ്കെടുത്ത ഭീകരവാദികളായിരുന്നു.
ഓഗസ്‌റ്റ് ഒന്നിനാണ് ദക്ഷിണ കശ്‌മീരിലെ അഖാലിൽ സുരക്ഷാസേന ഭീകരവിരുദ്ധ ദൗത്യം ആരംഭിച്ചത്. സമീപകാലത്ത് നടന്ന ഏറ്റവും ദൈർഘ്യമേറിയ ഭീകരവിരുദ്ധ ദൗത്യമാണ് ഓപ്പറേഷൻ അഖാൽ. മൂന്ന് ഭീകരവാദികൾ കൂടി അഖാലിലെ വനമേഖലയിൽ ഒളിച്ചിരിക്കുന്നുണ്ടെന്ന് വിവരം കിട്ടിയതിന്റെ അടിസ്‌ഥാനത്തിലായിരുന്നു ഇന്നത്തെ ദൗത്യം.
പ്രദേശത്തെ സ്വാഭാവിക ഗുഹകളിലാണ് ഇവർ താവളമടിച്ചിരിക്കുന്നതെന്നാണ് സുരക്ഷാ സേന പറയുന്നത്. ദുർഘടമായ പ്രദേശമായതിനാൽ ഭീകരവാദികളെ പിടികൂടുക അത്ര എളുപ്പമല്ല. സൈന്യവും സിആർപിഎഫും ജമ്മു കശ്‌മീർ പോലീസും സംയുക്‌തമായാണ് ഭീകരവിരുദ്ധ ദൗത്യം നടത്തുന്നത്. അതേസമയം, വീരമൃത്യു വരിച്ചതിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി സൈന്യം ട്വീറ്റ് ചെയ്‌തു. ദൗത്യം തുടരുമെന്നും സൈന്യം വ്യക്‌തമാക്കി.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!