ശ്രീനഗർ: ജമ്മു കശ്‌മീരിലെ കുൽഗാമിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. സൈന്യവും, സിആർപിഎഫും ജമ്മു കശ്‌മീർ പോലീസുമാണ് ഭീകരരെ നേരിടുന്നത്. ദ് റെസിസ്‌റ്റൻസ് ഫ്രണ്ടിന്റെ ടോപ് കമാൻഡറെ സൈന്യം വളഞ്ഞതായാണ് വിവരം. നേരത്തെ ബാരാമുള്ളയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു.
ഭീകരവാദികളുടെ സാന്നിധ്യത്തെ കുറിച്ച് വ്യക്‌തമായ വിവരങ്ങൾ ലഭിച്ചതിനെ തുടർന്നാണ് സുരക്ഷാ സേന മേഖല വളഞ്ഞിരിക്കുന്നത്. ജമ്മു കശ്‌മീരിലെ അനന്ത്‌നാഗ് ജില്ലയിലെ പഹൽഗാമിൽ കഴിഞ്ഞദിവസം നടന്ന ഭീകരാക്രമണത്തിൽ വിനോദസഞ്ചാരികളടക്കം 28 പേർ കൊല്ലപ്പെട്ടിരുന്നു. പഹൽഗാം ആക്രമണം നടന്ന് ഒരുദിവസത്തിന് ശേഷമാണ് കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരിക്കുന്നത്.
അതേസമയം, ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ പാക്കിസ്‌ഥാനെതിരെ കടുത്ത നടപടിക്കൊരുങ്ങി ഇന്ത്യ. പാക്കിസ്‌ഥാനുമായുള്ള നയതന്ത്ര സഹകരണം അവസാനിപ്പിച്ചേക്കുമെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങളിൽ നിന്നുള്ള സൂചന. ഇസ്‌ലാമാബാദിലെ ഹൈക്കമ്മീഷൻ കാര്യാലയത്തിന്റെ പ്രവർത്തനം നിർത്തിയേക്കും. ഒപ്പം സിന്ധു നദീജല കരാർ റദ്ദാക്കിയേക്കുമെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്.
ഏത് നിമിഷവും പോരാട്ടത്തിന് തയ്യാറായിരിക്കാനും കേന്ദ്രം സേനയ്‌ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ കർശനമാക്കണമെന്നും മുന്നറിയിപ്പുണ്ട്. കര, വ്യോമ സേന മേധാവികളുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് നിർണായക സന്ദേശം നൽകിയത്.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ