ആലപ്പുഴ: ഓമനപ്പുഴയിൽ മകളെ അച്ഛൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മയും പോലീസ് കസ്‌റ്റഡിയിൽ. മണ്ണഞ്ചേരി പോലീസാണ് മാതാവ് സിന്ധുവിനെ കസ്‌റ്റഡിയിൽ എടുത്തത്. കൊലപാതകത്തിൽ പങ്കുണ്ടോയെന്ന സംശയത്തെ തുടർന്നാണ് നടപടി. സിന്ധുവിനെയും ഭർത്താവ് ഫ്രാൻസിസിനെയും (ജോസ് മോൻ) വിശദമായി ചോദ്യം ചെയ്യും.
പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. കൊലപാതകം മറച്ചുവെച്ചു എന്നതടക്കമുള്ള കാര്യങ്ങളായിരുന്നു പ്രാഥമിക ഘട്ടത്തിൽ സിന്ധുവിനെതിരെ പോലീസ് ചൂണ്ടിക്കാട്ടിയിരുന്നത്. ചൊവ്വാഴ്‌ച രാത്രിയാണ് മാരാരിക്കുളം പഞ്ചായത്ത് 15ആം വാർഡ് കുടിയാംശേരി വീട്ടിൽ എയ്ഞ്ചൽ ജാസ്‌മിനെ (29) പിതാവ് ഫ്രാൻസിസ് കൊലപ്പെടുത്തിയത്.
ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതി ജീവനൊടുക്കിയതെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ, മരണത്തിൽ ഡോക്‌ടർമാർ സംശയം പ്രകടിപ്പിച്ചതോടെ പോലീസ് പിതാവിനെ ചോദ്യം ചെയ്യുകയായിരുന്നു. പിന്നാലെ ഫ്രാൻസിസ് കുറ്റസമ്മതം നടത്തി. ജാസ്‌മിൻ പതിവായി വീട്ടിലേക്ക് രാത്രി വൈകി വരുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ആത്‍മഹത്യയെന്ന് വരുത്താൻ മൃതദേഹം കിടപ്പു മുറിയിലെ കട്ടിലിൽ കിടത്തുകയും ചെയ്‌തു.
ഫ്രാൻസിസ് ജാസ്‌മിന്റെ കഴുത്ത് ഞെരിക്കുകയും അബോധാവസ്‌ഥയിൽ ആയതോടെ വീട്ടുകാരോട് മാറി നിൽക്കാൻ ആവശ്യപ്പെട്ട് കഴുത്തിൽ തോർത്ത് മുറുക്കി മരണം ഉറപ്പാക്കുകയും ആയിരുന്നുവെന്നാണ് പ്രാഥമിക വിവരം. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനിടെയാണ് കൊലപാതകത്തിലെ കൂടുതൽ വിവരങ്ങൾ ഫ്രാൻസിസ് പോലീസിനോട് പങ്കുവെച്ചത്.
എന്നാൽ, വീട്ടുകാർക്ക് വിവരമറിയാമായിരുന്നിട്ടും ഒരു രാത്രി മുഴുവൻ കൊലപാതക വിവരം മറച്ചുവെച്ചുവെന്നതും ഞെട്ടിക്കുന്നതാണ്. പിറ്റേ ദിവസമാണ് വീട്ടുകാർ മരണവിവരം പുറത്തറിയിക്കുന്നത്. താൻ തനിച്ചാണ് മകളെ കൊലപ്പെടുത്തിയതെന്നും വീട്ടുകാർക്ക് വിവരം അറിയില്ലെന്നുമായിരുന്നു ഫ്രാൻസിസ് പറഞ്ഞത്. എന്നാൽ, നീണ്ട ചോദ്യം ചെയ്യലിന് ശേഷം കൊലപാതകം നടത്തിയത് വീട്ടുകാർക്ക് മുന്നിൽ വെച്ചാണെന്ന് ഇയാൾ സമ്മതിക്കുകയായിരുന്നു.
ജാസ്‌മിൻ സ്‌ഥിരമായി രാത്രി ഒറ്റയ്‌ക്ക് പുറത്തുപോകുന്നതിനെചൊല്ലി ഇതിന് മുൻപും വീട്ടിൽ തർക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പോലീസ് പറയുന്നു. നാട്ടുകാരിൽ ചിലർ ജാസ്‌മിന്റെ രാത്രിയാത്ര ശരിയല്ലെന്ന മട്ടിൽ ഫ്രാൻസിസിനോട് പറയുകയും ചെയ്‌തിട്ടുണ്ടെന്നാണ് വിവരം. ചൊവ്വാഴ്‌ച രാത്രി പുറത്തുപോയി വന്ന ജാസ്‌മിനെ ഫ്രാൻസിസ് ശകാരിച്ചു. ഇത് വാക്കുതർക്കത്തിലേക്കും കയ്യാങ്കളിയിലേക്കുമെത്തി.
വഴക്കിനിടെ ഫ്രാൻസിസ് ജാസ്‌മിന്റെ കഴുത്തിൽ ഞെരിച്ചു. തുടർന്ന് മരണം ഉറപ്പിച്ചു. ഫ്രാൻസിസിന്റെ പിതാവ് സേവ്യറും, മാതാവ് സൂസിയും, ഭാര്യ സിന്ധുവും സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു. ജാസ്‌മിന്റെ സംസ്‌കാരം ഇന്ന് ഉച്ചയ്‌ക്ക് 12ന് ഓമനപ്പുഴ സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് പള്ളിയിൽ നടക്കും. ഭർത്താവ്: പ്രഹിൻ (മനു).
Most Read| വാക്‌സിനേഷൻ മന്ദഗതിയിൽ; ഒരു ഡോസ് പോലും ലഭിക്കാതെ ഇന്ത്യയിൽ 1.44 ദശലക്ഷം കുട്ടികൾ!








































