ന്യൂഡെല്‍ഹി: 18 മാസത്തെ നീണ്ട ഇടവേളക്ക് ശേഷം വീണ്ടും ചിറകു വിടര്‍ത്താന്‍ ഒരുങ്ങി രാജ്യത്തെ ആദ്യ സ്വകാര്യ എയര്‍ലൈന്‍ കമ്പനിയായ ജെറ്റ് എയര്‍വെയ്സ്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ധനകാര്യ ഉപദേശക സ്ഥാപനമായ കല്റോക്ക് കാപിറ്റല്‍, വ്യവസായിയായ മുരാരി ലാല്‍ ജലന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കമ്പനി തിരിച്ചു വരവിനൊരുങ്ങുന്നത്. ഇരുവരും ചേര്‍ന്ന് സ്ഥാപിച്ച കണ്‍സോര്‍ഷ്യം സമര്‍പ്പിച്ച പദ്ധതിക്ക് ബാങ്കുകളുടെ സമിതി അംഗീകാരം നല്കി. വായ്പ ദാതാക്കളുടെ സമിതി ഇ-വോട്ടിങ്ങിലൂടെയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്.
ജെറ്റ് എയര്‍വെയ്സിന്റെ റെസല്യൂഷന്‍ നടപടികള്‍ക്ക് ദേശീയ കമ്പനി ലോ ട്രിബ്യൂണല്‍ (എന്‍സിഎല്‍ടി) അംഗീകാരം കൂടി ലഭിക്കാനുണ്ട്. അംഗീകാരം ലഭിച്ചാല്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിനും കോര്‍പ്പറേറ്റ് കാര്യമന്ത്രാലയത്തിനും എയര്‍ലൈന്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനുള്ള അപേക്ഷ സമര്‍പ്പിക്കാം.
അടുത്ത വര്‍ഷം പകുതിയോടെ ജെറ്റ് എയര്‍വെയ്സ് വീണ്ടും പറത്താനാണ് കണ്‍സോര്‍ഷ്യത്തിന്റെ ലക്ഷ്യം. ഇതിനായി 1,000 കോടി രൂപയുടെ ഓഹരി നിക്ഷേപം നടത്താനും കണ്‍സോര്‍ഷ്യം ആലോചിക്കുന്നുണ്ട്. പഴയ ആറ് വിമാനങ്ങള്‍ വിറ്റ് പുതിയവ വാങ്ങുവാനും, രാജ്യത്തെ പ്രമുഖ വിമാനത്താവളങ്ങളില്‍ ജെറ്റിനുണ്ടായിരുന്ന സ്ളോട്ടുകള്‍ തിരികെ വാങ്ങുവാനും പദ്ധതിയിടുന്നുണ്ട്.
1993ല്‍ ആദ്യമായി പറന്ന ജെറ്റ്, 2019 ഏപ്രിലില്‍ കടക്കെണിയെ തുടര്‍ന്നാണ് പ്രവര്‍ത്തനം നിര്‍ത്തിയത്. ആദ്യമായി പാപ്പരത്ത നടപടികള്‍ക്ക് വിധേയമായ ഇന്ത്യന്‍ എയര്‍ലൈന്‍ കൂടിയാണ് ജെറ്റ് എയര്‍വെയ്സ്. മുന്‍പ് മൂന്ന് തവണ തിരുവരവിനൊരുങ്ങിയെങ്കിലും കഴിഞ്ഞിരുന്നില്ല, എന്നാല്‍ ഇത്തവണ അതിനുള്ള ശുഭസൂചനകളാണ് തെളിഞ്ഞു വരുന്നത്.
Read also:കാട് കയറിയ നിലയില്‍ കെഎസ്ആര്‍ടിസി; ഉദ്യോഗസ്ഥന് എതിരെ നടപടി എടുത്തു




































