മലപ്പുറം: ജോസ് കെ മാണിക്ക് അധിക കാലം എൽഡിഎഫിൽ തുടരാനാവില്ലെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ. ജോസ് വിഭാഗം മുന്നണി മാറ്റം നടത്തിയത് മുൻകൂട്ടി തയാറാക്കിയ തിരക്കഥ അനുസരിച്ചാണെന്നും ഹസൻ പറഞ്ഞു. മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് യുഡിഎഫ് സംഘടിപ്പിച്ച കക്ഷി നേതാക്കളുടെ യോഗം ഒക്ടോബർ 23 ന് നടക്കുമെന്നും അദ്ദേഹം അറിയിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉൾപ്പടെയുള്ള മുസ്ലിം ലീഗ് നേതാക്കളുമായി ചർച്ച നടത്തിയതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read: ‘പൂര്ണ സ്വാതന്ത്ര്യം’ മുന്നോട്ട് വച്ചത് കമ്മ്യൂണിസ്റ്റ് പാർട്ടി; എംബി രാജേഷ്
‘നേരത്തെ കേരളാ കോൺഗ്രസ് (എം) പാർട്ടിയെ തിരിച്ചെത്തിച്ചത് അവകാശപ്പെട്ട രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് വിട്ട് നൽകിക്കൊണ്ടാണ്. അന്നത്തെ കരാർ പ്രകാരം കോൺഗ്രസിന് ലഭിക്കേണ്ടിയിരുന്ന കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം വിട്ടുതരാത്തത് സംബന്ധിച്ചാണ് പ്രശ്നങ്ങൾ ഉണ്ടായത്. പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ ചർച്ചകൾ നടത്തിയെങ്കിലും അവയൊന്നും വിജയിച്ചില്ല. ജോസ് വിഭാഗം ഇടതുമുന്നണിയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നത് കൊണ്ടാണ് ചർച്ചകൾ വിഫലമായതെന്ന് ഇപ്പോൾ സംശയിക്കുന്നു’- ഹസൻ പറഞ്ഞു. യുഡിഎഫ് ജോസ് വിഭാഗത്തെ പുറത്താക്കിയിട്ടില്ല . എന്നാൽ, പുറത്താക്കിയതാണെന്ന് അവർ പ്രചരിപ്പിക്കുന്നു. ഇത് രക്തസാക്ഷി പരിവേഷം ഉണ്ടാക്കിയെടുക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.
രാവിലെ 10.35 ഓടെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിൽ എത്തിയ എം.എം ഹസൻ ഒരു മണിക്കൂറോളം ലീഗ് നേതാക്കളുമായി ചർച്ച നടത്തി. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്, ഉന്നതാധികാര സമിതിയംഗം സാദിഖലി ശിഹാബ് തങ്ങൾ, ഡിസിസി പ്രസിഡണ്ട് വി.വി പ്രകാശ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.







































