ന്യൂഡെൽഹി: ജസ്‌റ്റിസ് ബിആർ ഗവായ് അടുത്ത സുപ്രീം കോടതി ചീഫ് ജസ്‌റ്റിസാകും. പിൻഗാമിയായി ജസ്‌റ്റിസ് ഗവായ്‌യുടെ പേര് ചീഫ് ജസ്‌റ്റിസ് സഞ്‌ജീവ് ഖന്ന കേന്ദ്ര നിയമമന്ത്രാലയത്തിന് അയച്ചു. സഞ്‌ജീവ് ഖന്ന വിരമിക്കുന്ന മേയ് 14ന് ബിആർ ഗവായ് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസായി സത്യപ്രതിജ്‌ഞ ചെയ്യും.
ബിആർ ഗവായ്‌ക്ക് ആറുമാസം ചീഫ് ജസ്‌റ്റിസ് പദവിയിലിരിക്കാം. നവംബറിലാണ് വിരമിക്കുക. മലയാളിയായ കെജി ബാലകൃഷ്‌ണന് ശേഷം ചീഫ് ജസ്‌റ്റിസ് പദവിയിലെത്തുന്ന ദലിത് വിഭാഗത്തിൽനിന്നുള്ള രണ്ടാമത്തെയാളാണ് ഗവായ്.
മഹാരാഷ്‌ട്രയിലെ അമ്രാവതി സ്വദേശിയായ ഗവായ് 1985ലാണ് അഭിഭാഷകവൃത്തിയിലേക്ക് വരുന്നത്. മഹാരാഷ്‌ട്ര ഹൈക്കോടതി ജഡ്‌ജിയും മുൻ അഡ്വക്കേറ്റ് ജനറലുമായി രാജാ ഭോൺസാലെയ്‌ക്ക് ഒപ്പം പ്രവർത്തിച്ചു. ബോംബൈ ഹൈക്കോടതിയിൽ 1987 മുതൽ 1990 വരെ സ്വതന്ത്ര പ്രാക്‌ടീസ് നടത്തി. പിന്നീട് ബോംബൈ ഹൈക്കോടതിയുടെ നാഗ്‌പുർ ബെഞ്ചിലേക്ക് മാറി.
1992 ഓഗസ്‌റ്റ് മുതൽ അസിസ്‌റ്റന്റ് ഗവ. പ്‌ളീഡറും അഡീഷണൽ പബ്ളിക് പ്രോസിക്യൂട്ടറുമായി നിയമിതനായി. 2000ത്തിൽ ഗവ. പ്‌ളീഡറും പബ്ളിക് പ്രോസിക്യൂട്ടറുമായി. 2019ലാണ് സുപ്രീം കോടതി ജഡ്‌ജിയായി നിയമിതനാകുന്നത്. 2016ൽ കേന്ദ്രം നടപ്പാക്കിയ നോട്ട് നിരോധന ശരിവെച്ച വിധി, ഇലക്‌ടറൽ ബോണ്ടുകൾ ഭരണഘടനാവിരുദ്ധമാണെന്ന വിധി തുടങ്ങിയ നിർണായകമായ വിധികൾ പുറപ്പെടുവിച്ച ബെഞ്ചിൽ ഗവായ് അംഗമായിരുന്നു.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!