ന്യൂഡെൽഹി: ഡെൽഹി മദ്യനയ അഴിമതി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത ബിആർഎസ് നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ കവിതയ്‌ക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. അറസ്‌റ്റിലായി അഞ്ചുമാസത്തിന് ശേഷമാണ് ഉപാധികളോടെ ജാമ്യം ലഭിക്കുന്നത്.
സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും പത്ത് ലക്ഷം രൂപ ബോണ്ട് സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ജസ്‌റ്റിസ് ബിആർ ഗവായ്, കെവി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ജാമ്യം ലഭിച്ച കവിത വൈകാതെ തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങും. ഈ വർഷം മാർച്ച് 15നാണ് കവിതയെ ഇഡി അറസ്‌റ്റ് ചെയ്‌തത്.
ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ കവിതയുടെ വസതിയിലെത്തിയ ഇഡി, ആദായനികുതി വകുപ്പ് ഉദ്യോഗസ്‌ഥർ റെയ്‌ഡിന് ശേഷം കവിതയെ കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് ഡെൽഹിയിലെത്തിച്ച ശേഷമാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. ആഴമതിയിൽ കവിതക്കെതിരെ സാക്ഷി മൊഴികളും ഇലക്‌ട്രോണിക് തെളിവുകളും ഉണ്ടെന്നായിരുന്നു ഇഡി കോടതിയിൽ വാദിച്ചത്.
ഡെൽഹി സർക്കാരിന്റെ വിവിധ ഏജൻസികളുടെ കീഴിലായിരുന്ന മദ്യവിൽപ്പനയും ഇടപാടുകളും സ്വകാര്യമേഖലയ്‌ക്ക് കൈമാറാനുള്ള നയം 2021 നവംബർ 17നാണ് പ്രാബല്യത്തിൽ വന്നത്. ലഫ്. ഗവർണറായി വികെ സക്‌സേന ചുമതലയേറ്റതിന് പിന്നാലെ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്ന ആരോപണം അന്വേഷിക്കാൻ നിർദ്ദേശിച്ചിരുന്നു.
ക്രമക്കേട് ഉണ്ടെന്ന് കാട്ടി സിബിഐ പ്രാഥമിക റിപ്പോർട് നൽകിയതോടെ കേസ് രജിസ്‌റ്റർ ചെയ്‌തു. പിന്നാലെ വിവാദമായതോടെ കഴിഞ്ഞ വർഷം ജൂലൈ 31ന് മദ്യനയം ഡെൽഹി സർക്കാർ പിൻവലിക്കുകയും ചെയ്‌തു. സാമ്പത്തിക ഇടപാടുകളുടെ പേരിൽ ഇഡിയും വൈകാതെ കേസ് രജിസ്‌റ്റർ ചെയ്യുകയായിരുന്നു. ഇടപാടുകളിൽ ഭാഗമായിരുന്ന സൗത്ത് ഗ്രൂപ്പ് എന്ന് വിശേഷിപ്പിക്കുന്ന വ്യവസായ സംഘത്തിൽ കെ കവിതയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.
Most Read| ‘അമ്മ’യിൽ കൂട്ടരാജി; മോഹൻലാൽ അടക്കം മുഴുവൻ ഭാരവാഹികളും രാജിവെച്ചു