കൊച്ചി: കൂട്ട ആത്‍മഹത്യ ചെയ്‌ത കാക്കനാട് ജിഎസ്‌ടി കമ്മീഷണറുടേയും കുടുംബത്തിന്റെയും പോസ്‌റ്റുമോർട്ടം പൂർത്തിയായി. സെൻട്രൽ ജിഎസ്‌ടി ഓഫീസിലെ അഡീഷണൽ കമ്മീഷണർ മനീഷ് വിജയ് (43), സഹോദരി ശാലിനി വിജയ് (49), മാതാവ് ശകുന്തള അഗർവാൾ (77) എന്നിവരുടേത് തൂങ്ങിമരണമാണെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്.
അമ്മയാണ് ആദ്യം മരിച്ചതെന്നും പിന്നീടാണ് മക്കൾ രണ്ടുപേരും മരിച്ചതെന്നുമാണ് കളമശേരി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്‌റ്റുമോർട്ടത്തിൽ വ്യക്‌തമായത്. ആദ്യം തൂങ്ങിമരിച്ച അമ്മയുടെ മൃതദേഹം അഴിച്ചു താഴേക്കിടത്തി തുണികൊണ്ട് മൂടി പൂക്കൾ വിതറിയ ശേഷം മക്കളും ജീവനൊടുക്കുകയായിരുന്നു എന്നാണ് പോലീസിന്റെ അനുമാനം.
മരിച്ചവരുടെ ആന്തരികാവയവങ്ങൾ ഫൊറൻസിക് പരിശോധനയ്‌ക്ക് അയക്കും. അബുദാബിയിൽ താമസിക്കുന്ന ഇവരുടെ സഹോദരി പ്രിയ അജയ് എത്തിയ ശേഷമാണ് പോസ്‌റ്റുമോർട്ടം നടത്തിയത്. പോസ്‌റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ വിട്ടുകൊടുത്തു. 20ന് വൈകിട്ട് ആറുമണിയോടെയാണ് മൂവരെയും താമസ സ്‌ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇവർ താമസിച്ചിരുന്ന കാക്കനാട് ഈച്ചമുക്കിലെ സെൻട്രൽ എക്‌സൈസ് ക്വാർട്ടേഴ്‌സിലെ 114ആം നമ്പർ വീട്ടിലാണ് മൂവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. അതേസമയം, കേസ് അന്വേഷണം ജാർഖണ്ഡിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ജാർഖണ്ഡ് പബ്ളിക് സർവീസ് കമ്മീഷന്റെ സംസ്‌ഥാന സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് ജേതാവായിരുന്ന സഹോദരി ശാലിനി വിജയ്, ജെപിഎസ്‌സി റാങ്ക് ലിസ്‌റ്റുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഏറെ അസ്വസ്‌ഥയായിരുന്നു എന്നാണ് വിവരം.
രാഷ്‌ട്രീയ നേതാക്കളും ഉന്നത സിവിൽ സർവീസ് ഉദ്യോഗസ്‌ഥരും അവരുടെ അടുത്ത ബന്ധുക്കൾക്ക് നിയമനം നൽകാൻ പരീക്ഷയിലും അഭിമുഖത്തിലും കൃത്രിമം കാട്ടിയെന്നായിരുന്നു ആരോപണം. ജാർഖണ്ഡ് പോലീസ് നടത്തിയ അന്വേഷണം പിന്നീട് സിബിഐ ഏറ്റെടുത്തു. 12 വർഷത്തിന് ശേഷം കഴിഞ്ഞ നവംബറിൽ സിബിഐ ജെപിഎസ്‌സി ചെയർമാൻ ഉൾപ്പടെ 60 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു.
രണ്ടുവർഷം മുൻപ് അവധിയിൽ പ്രവേശിച്ച ശാലിനി പിന്നീട് മടങ്ങിയെത്തിയില്ലെന്നാണ് ജാർഖണ്ഡിലെ സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം. കോച്ചിങ് ക്ളാസുകളെ ആശ്രയിക്കാതെയായിരുന്നു ശാലിനിയുടെ പഠനം. റാങ്ക് പട്ടികയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിന്റെ അടിസ്‌ഥാനത്തിൽ 2024 സെപ്‌തംബറിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.
ഇതിൽ വിചാരണാ നടപടികൾ ആരംഭിക്കാനിരിക്കെയാണ് അസ്വാഭാവിക മരണം. കേസിന്റെ അന്വേഷണത്തിനായി കേരള പോലീസ് അടുത്ത ദിവസങ്ങളിൽ ജാർഖണ്ഡിലെത്തും. സഹോദരിയുടെ ജോലി നഷ്‌ടമായതിന്റെ മനോവിഷമത്തിലാണ് കൂട്ട ആത്‍മഹത്യയിലേക്ക് നയിച്ചതെന്ന സൂചന പോലീസിന് നേരത്തെ ലഭിച്ചിരുന്നു.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ








































