കൊച്ചി: കളമശേരി പോളിടെക്‌നിക് കോളേജിന്റെ മെൻസ് ഹോസ്‌റ്റലിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ രണ്ടുകിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ രണ്ട് പൂർവ വിദ്യാർഥികൾ പിടിയിൽ. ഹോസ്‌റ്റലിൽ കഞ്ചാവ് എത്തിച്ച ആഷിക്, ഷാരിഖ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.
നേരത്തെ, അറസ്‌റ്റിലായ വിദ്യാർഥികളുടെ മൊഴിയിൽ നിന്നാണ് ഇവരെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. കഴിഞ്ഞവർഷം ക്യാമ്പസിൽ നിന്ന് പഠിച്ചിറങ്ങിയവരാണ് ഇരുവരും. ആഷിക്കാണ് കഞ്ചാവ് എത്തിച്ചതെന്നും പിടിയിലായ രണ്ടാമന്റെ പങ്ക് അന്വേഷിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു. ഇരുവരെയും വിശദമായി ചോദ്യം ചെയ്യുകയാണ്.
ആഷിക്കിന് എവിടെ നിന്നാണ് ലഹരി ലഭിച്ചതെന്ന് പോലീസ് അന്വേഷിക്കും. സെമസ്‌റ്റർ ഔട്ടായ ശേഷവും ഇയാൾ നിരന്തരം ഹോസ്‌റ്റലിൽ എത്തിയിരുന്നുവെന്നാണ് വിവരം. ഹോസ്‌റ്റലിലെ വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കാൻ ഒരുങ്ങുകയാണ് പോലീസ്. ഏതെല്ലാം അക്കൗണ്ടുകളിലേക്ക് പണം വന്നെന്നും പോയെന്നുമുള്ള അന്വേഷണമാണ് നടത്തുക.
ഇതിലൂടെ ലഹരി വിൽപ്പന നടത്തുന്നവരിലേക്ക് എത്താൻ സാധിക്കുമെന്നാണ് പോലീസ് കരുതുന്നത്. ഹോളി ആഘോഷത്തോട് അനുബന്ധിച്ചു 500 രൂപ മുതലാണ് ലഹരി വിൽപ്പന നടത്തിയതെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. ഇതിന്റെ കൂടെ അടിസ്‌ഥാനത്തിലാണ് ബാങ്ക് അക്കൗണ്ടുകളിൽ പരിശോധന നടത്തുന്നത്. കോളേജ് ഹോസ്‌റ്റലിൽ നിന്നും രണ്ടുകിലോയിലേറെ കഞ്ചാവാണ് കഴിഞ്ഞ ദിവസം ഡാൻസഫ്, പോലീസ് സംഘങ്ങൾ നടത്തിയ റെയ്‌ഡിൽ പിടിച്ചെടുത്തത്.
കൊല്ലം കുളത്തൂപ്പുഴ സ്വദേശി ആകാശ് (21), ആലപ്പുഴ കാർത്തികപ്പിള്ളി സ്വദേശി ആദിത്യൻ (20), കൊല്ലം കരുനാഗപ്പള്ളി സ്വദേശി ആർ അഭിരാജ് (21) എന്നിവരാണ് അറസ്‌റ്റിലായത്. ഹോളി ആഘോഷത്തിന് വിദ്യാർഥികൾക്കിടയിൽ വിതരണം ചെയ്യാൻ എത്തിച്ചതാണ് കഞ്ചാവെന്നാണ് പോലീസ് അറിയിച്ചത്. ആകാശിനെ റിമാൻഡ് ചെയ്‌തു. 14 ദിവസത്തേക്കാണ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്‌തിരിക്കുന്നത്.
അഭിരാജ്, ആദിത്യൻ എന്നിവർക്ക് നേരത്തെ സ്‌റ്റേഷൻ ജാമ്യം ലഭിച്ചിരുന്നു. ആകാശ് എസ്എഫ്ഐ നേതാവാണ്. കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയാണ് ആർ അഭിരാജ്. മൂവരെയും കോളേജ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്. വിദ്യാർഥികൾക്കടക്കം ലഹരിമരുന്ന് വിൽക്കുന്ന ആളായിരുന്നു ആകാശ് എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
വിദ്യാർഥികൾ അറസ്‌റ്റിലായ സാഹചര്യത്തിൽ കോളേജ് രൂപീകരിച്ച ആഭ്യന്തര സമിതി യോഗം ചേർന്നാണ് മൂന്നുപേരെയും സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ, ഇവർക്ക് പരീക്ഷ എഴുതുന്നതിന് വിലക്കുണ്ടാകില്ല. ആഭ്യന്തര സമിതി വിഷയം പഠിച്ച് ഒരാഴ്‌ചയ്‌ക്കകം റിപ്പോർട് നൽകണം. കമ്പ്യൂട്ടർ എൻജിനിയറിങ് വിഭാഗം മേധാവിയും മൂന്ന് അധ്യാപകരും ഉൾപ്പെട്ടതാണ് കോളേജിന്റെ ആഭ്യന്തര സമിതി.
Most Read| കാനഡയെ നയിക്കാൻ ഇനി മാർക്ക് കാർനി; ട്രൂഡോയുടെ പിൻഗാമി, ട്രംപിന് എതിരാളി