പാലക്കാട്: കൽപ്പാത്തി രഥോൽസവത്തിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. ഉൽസവ നടത്തിപ്പിനുള്ള രൂപരേഖ സർക്കാരിന്റെ പരിഗണനയിലാണ്. മുഴുവൻ തേരുകളുടെയും മിനുക്കുപണികൾ തുടങ്ങി. കൽപ്പാത്തി ഗ്രാമത്തിലെ മുഴുവൻ റോഡുകളും റീടാറിങ് നടത്തി ശുചീകരണം പ്രവൃത്തികളും നടത്തുന്നതിന്റെ മുന്നൊരുക്കത്തിലാണ് നഗരസഭ.
കഴിഞ്ഞ 2 വർഷക്കാലമായി കോവിഡ് വ്യാപനത്തെ തുടർന്ന് രഥോൽസവം ചടങ്ങുകൾ മാത്രമായി ചുരുക്കിയാണ് നടത്തിയിരുന്നത്. എന്നാൽ ഇത്തവണ കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ച് പതിവ് രീതിയിൽ തന്നെ രഥോൽസവം നടത്താൻ അനുമതി നൽകിയിട്ടുണ്ട്. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഉൽസവം നടത്തിപ്പിനുള്ള രൂപരേഖ കൽപ്പാത്തി ഗ്രാമജന സമൂഹം ജില്ലാ ഭരണകൂടത്തിന് സമർപ്പിച്ചിരുന്നു. ഇത് സർക്കാരിന്റെ പരിഗണനയിലാണ്.
ജില്ലാ ഭരണകൂടത്തിന്റെ അന്തിമ അനുമതി വൈകുന്നതിനാലാണ് ആശങ്ക. തിങ്കളാഴ്‌ചയാണ് കൊടിയേറ്റം. ഇതിന് മുമ്പായി തീരുമാനം ഉണ്ടായില്ലെങ്കിൽ പ്രതിസന്ധിക്ക് ഇടയാക്കുമെന്നാണ് ആശങ്ക. ഈ മാസം 14, 15, 16 തീയതികളിലാണ് ആചാര അനുഷ്‌ഠാനങ്ങളോടെ രഥോൽസവം നടക്കുന്നത്.
Most Read: കെഎസ്ആർടിസി യൂണിയനുകൾ നിലപാട് കടുപ്പിക്കുന്നു; പണിമുടക്ക് നീട്ടി






































