ഷിക്കാഗോ: ഒട്ടും ഗൗരവം ഇല്ലാത്ത ആളാണ് റിപ്പബ്‌ളിക്കൻ സ്‌ഥാനാർഥി ഡൊണാൾഡ് ട്രംപ് എന്ന് ഡെമോക്രാറ്റിക് പാർട്ടി സ്‌ഥാനാർഥി കമല ഹാരിസ്. അദ്ദേഹം യുഎസിൽ പ്രസിഡണ്ട് ആയിരുന്ന സമയം അതീവ ഗൗരവകരമായിരുന്നു. അത്രത്തോളം അക്രമങ്ങളും കുറ്റകൃത്യങ്ങളുമാണ് അക്കാലത്ത് അമേരിക്കയിൽ ഉണ്ടായതെന്നും കമല കുറ്റപ്പെടുത്തി.
ഡെമോക്രാറ്റിക് പാർട്ടി ദേശീയ കൺവെൻഷന്റെ അവസാന ദിനത്തിൽ യുഎസ് പ്രസിഡണ്ട് സ്‌ഥാനാർഥിത്വം സ്വീകരിച്ചുകൊണ്ടുള്ള സുപ്രധാന പ്രസംഗത്തിലാണ് കമലയുടെ പരാമർശം. അതേസമയം, സാമാന്യബോധവും യാഥാർഥ്യ ബോധവുമുള്ള പ്രസിഡണ്ടായിരിക്കും യുഎസിന് താനെന്നും കമല ഹാരിസ് പറഞ്ഞു. ജീവിത പങ്കാളി ഡഗ്ളസ് എമോഫിനും യുഎസ് പ്രസിഡണ്ട് ജോ ബൈഡനും നന്ദി പറഞ്ഞുകൊണ്ടായിരുന്നു കമലയുടെ പ്രസംഗം തുടങ്ങിയത്.
കമലയുടെയും ഡഗ്ളസിന്റെയും വിവാഹ വാർഷിക ദിനത്തിലായിരുന്നു കമലയുടെ ദേശീയ കൺവെൻഷനിൽ പ്രസംഗം. തൊട്ടുപിന്നാലെ വൈസ് പ്രസിഡണ്ട് സ്‌ഥാനാർഥി ടിം വാൾസിനും കമല ഹാരിസ് ആശംസയറിയിച്ചു. ഒപ്പമുള്ളവർക്ക് നീതി ഉറപ്പാക്കണമെന്നും അവർക്കൊപ്പം നിൽക്കണമെന്നതുമാണ് ജീവിതലക്ഷ്യമെന്നും കമല ഹാരിസ് പറഞ്ഞു.
ഡെമോക്രാറ്റിക് പാർട്ടിയുടെ ഔദ്യോഗിക പ്രസിഡണ്ട് സ്‌ഥാനാർഥിയാകുന്ന രണ്ടാമത്തെ വനിതയാണ് കമല ഹാരിസ്. വിജയിച്ച് വന്നാൽ യുഎസിന്റെ പ്രഥമ വനിതാ പ്രസിഡണ്ടും. അഭിപ്രായ സർവേകളിൽ റിപ്പബ്ളിക്കൻ സ്‌ഥാനാർഥി ഡൊണാൾഡ് ട്രംപിനേക്കാൾ ബഹുദൂരം മുന്നിലാണ് കമല. 1164 വോട്ടർമാർക്കിടയിൽ ഈ മാസം എട്ടുമുതൽ 12 വരെ നടത്തിയ അഭിപ്രായ വോട്ടെടുപ്പിലെ കണക്കനുസരിച്ച് കമലയ്‌ക്ക് 49% പിന്തുണയുണ്ട്. ട്രംപിന് 41%. പാർട്ടി അനുഭവങ്ങൾ ഒന്നുമില്ലാതെ സ്വതന്ത്രവോട്ടർമാരിൽ 40% പേർ കമലയെ അനുകൂലിക്കുന്നു. 40% പേർ ട്രംപിനൊപ്പവും ഉണ്ട്.
Most Read| വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!