കണ്ണൂർ: ആറളം ഫാമിൽ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നതിൽ പ്രതിഷേധം ശക്‌തം. സ്‌ഥലത്തെത്തിയ സിപിഎം നേതാവ് എംവി ജയരാജൻ ഉൾപ്പടെയുള്ള നേതാക്കളെ നാട്ടുകാർ തടഞ്ഞു. പോസ്‌റ്റുമോർട്ടം പൂർത്തിയാക്കി ദമ്പതികളുടെ മൃതദേഹവുമായി എത്തിയ ആംബുലൻസും നാട്ടുകാർ തടഞ്ഞു.
ആരെയും ഉള്ളിലേക്ക് കയറ്റിവിടില്ലെന്ന നിലപാടിലാണ് നാട്ടുകാർ. വനം മന്ത്രിയും കലക്‌ടറും എത്തണമെന്നാണ് ഇവരുടെ ആവശ്യം. അതേസമയം, റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് മാറ്റുകയാണ്. കെപിസിസി അധ്യക്ഷൻ കെ സുധാകരനെയും പ്രതിഷേധക്കാർ വഴിയിൽ തടഞ്ഞു. വന്യജീവി ആക്രമണത്തിന് പരിഹാരം കാണാതെ പിന്നോട്ടില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.
ആറളത്ത് സർവകക്ഷി യോഗത്തിനെത്തിയ വനംമന്ത്രി എകെ ശശീന്ദ്രന് നേരെ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ആറളം സ്വദേശികളായ വെള്ളി (82), ഭാര്യ ലീല (70) എന്നിവരെയാണ് ഇന്നലെ വൈകിട്ട് കാട്ടാന ചവിട്ടിക്കൊന്നത്. വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ചു ആറളം പഞ്ചായത്തിൽ ബിജെപിയും യുഡിഎഫും പ്രഖ്യാപിച്ച ഹർത്താൽ തുടരുകയാണ്.
ആറളം ഫാം ബ്ളോക്ക് 13ൽ ഓടച്ചാലിൽ കശുവണ്ടി ശേഖരിക്കാൻ പോയപ്പോഴാണ് ഇവരെ കാട്ടാന ആക്രമിച്ചത്. വലിയ പ്രതിഷേധങ്ങൾക്കൊടുവിൽ ഇന്നലെ അർധരാത്രിയോടെയാണ് ഇരുവരുടെയും മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. സബ് കലക്‌ടർ സ്‌ഥലത്തെത്തിയിട്ടും ആംബുലൻസ് തടഞ്ഞ നാട്ടുകാർ ഒടുവിൽ പോലീസ് നടത്തിയ ചർച്ചയ്‌ക്ക് ഒടുവിലാണ് അയഞ്ഞത്.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ